ഇടുക്കി : സംസ്ഥാനത്തെ യൂത്ത് കോണ്‍ഗ്രസ് നേതൃത്വം രണ്ടാഴ്ചക്കുള്ളില്‍ പുന:സംഘടിപ്പിക്കുമെന്ന് സംസ്ഥാന അദ്ധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസ് എംപി. ഇത് സംബന്ധിച്ച് കേന്ദ്ര, സംസ്ഥാന നേതാക്കള്‍ തമ്മില്‍ ചര്‍ച്ച നടക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.
എംപിയായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ കഴിഞ്ഞ ജൂണില്‍ കേന്ദ്രനേതൃത്വത്തിന് താന്‍ രാജിക്കത്ത് നല്‍കിയിരുന്നുവെന്നും എന്നാല്‍ അല്പം കൂടി കാത്തിരിക്കാന്‍ നേതൃത്വം ആവശ്യപ്പെട്ടുവെന്നും ഡീന്‍ പറഞ്ഞു. ഇതിന് പിന്നാലെ ഉപതെരഞ്ഞെടുപ്പുകള്‍ കൂടി വന്നതാണ് പുനസംഘടന വൈകാന്‍ കാരണമെന്നും ഡീന്‍ പറഞ്ഞു.
യൂത്ത് കോണ്‍ഗ്രസ് പുനസംഘടന അനന്തമായി നീളുന്നതിനെതിരെ നിരവധി യുവ നേതാക്കള്‍ പരസ്യമായി രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് സംസ്ഥാന അധ്യക്ഷന്‍ നിലപാട് വ്യക്തമാക്കിയത്.