ന്യൂഡല്‍ഹി: കേരളത്തിലെ വിവിധയിടങ്ങളില്‍ നിന്ന് ദുരൂഹസാഹചര്യത്തില്‍ കാണാതായവര്‍ക്ക് ആഗോള ഭീകരസംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റുമായി ബന്ധമുണ്ടെന്നതിന് സ്ഥിരീകരണമില്ലെന്ന് ഡല്‍ഹിയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിന്റെ വിലയിരുത്തല്‍. അന്വേഷണം വിദേശത്തേക്ക് വ്യാപിപ്പിക്കാനും യോഗത്തില്‍ തീരുമാനമായി.
കേരളത്തില്‍നിന്നും കാണാതായവര്‍ അഫ്ഗാനിസ്ഥാനിലും സിറിയയിലും എത്തിയതായി വിവരം ഉണ്ടെങ്കിലും ഐഎസില്‍ ചേര്‍ന്നതായി സ്ഥിരീകരണം ലഭിച്ചിട്ടില്ല. അതിനാല്‍ ഔദ്യോഗികമായി ഇക്കാര്യം പറയാന്‍ സുരക്ഷാ ഏജന്‍സികള്‍ക്ക് തെളിവൊന്നും ലഭിച്ചിട്ടില്ലെന്നുമാണ് യോഗത്തിന്റെ വിലയിരുത്തല്‍.
സംസ്ഥാന ഇന്റലിജന്‍സ് എഡിജിപി ആര്‍. ശ്രീലേഖയും കേന്ദ്ര ഇന്റലിജന്‍സ് ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ പങ്കെടുത്തിരുന്നു. ഇന്നലെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരുമായി എഡിജിപി അനൗപചാരിക ചര്‍ച്ച നടത്തി സംസ്ഥാനത്തു നിന്നുള്ള വിവരങ്ങള്‍ കൈമാറിയിരുന്നു.
കേരളത്തില്‍ നിന്നു കാണാതായ 21 പേരില്‍ 11 പേര്‍ക്ക് ഐഎസ് ബന്ധമുണ്ടെന്ന് നേരത്തെ സൂചനയുണ്ടായിരുന്നു.
കാണാതായവരില്‍ ചിലര്‍ ഐഎസില്‍ ചേര്‍ന്നതിനു സ്ഥിരീകരണം ലഭിച്ചിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജുവും പ്രതികരിച്ചിരുന്നു. കേരളത്തില്‍ ഐഎസ് ബന്ധം വെളിപ്പെടുന്ന ഗുരുതര സംഭവങ്ങളെക്കുറിച്ചു സമഗ്രമായ അന്വേഷണത്തിന് ആഭ്യന്തര മന്ത്രാലയം ഇന്റലിജന്‍സ് ഏജന്‍സികള്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്. കാണാതായവരെക്കുറിച്ചുള്ള പരമാവധി വിവരങ്ങള്‍ ശേഖരിക്കാനുള്ള ശ്രമത്തിലാണ് ഇന്റലിജന്‍സ് ഏജന്‍സികള്‍.