മനാമ: സംസ്ഥാനം ഏറക്കുറെ അഴിമതിരഹിതമായിക്കഴിഞ്ഞു, കേരളം ഇപ്പോള്‍ നിക്ഷേപത്തിനുള്ള സ്വര്‍ണഖനിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
‘അഴിമതി തുടച്ചുനീക്കിയില്ലെങ്കില്‍ കേരളത്തെ വികസിച്ച, പുരോഗമിച്ച സംസ്ഥാനമെന്ന് വിളിക്കുന്നതില്‍ അര്‍ഥമില്ല. ഏറക്കുറെ, സീറോ കറപ്ഷന്‍ നേട്ടം കൈവരിച്ചെന്ന് എനിക്ക് ആത്മവിശ്വാസത്തോടെ അവകാശപ്പെടാനാവും. ഏതു മേഖലയിലും ഏതു വ്യവസായത്തിലും എത്ര വലുപ്പത്തിലുള്ള നിക്ഷേപവും വന്നുകൊള്ളട്ടെ. എല്ലാറ്റിനും കേരളത്തില്‍ സാധ്യതയുണ്ട്. നേരിട്ടോ, പരോക്ഷമായോ തൊഴില്‍ അവസരമുണ്ടാക്കുന്ന ഏതു വ്യവസായത്തെയും സ്വാഗതം ചെയ്യുന്നു’, പിണറായി പറഞ്ഞു.
ബഹ്റൈന്‍ വാണിജ്യ-വ്യവസായ മന്ത്രിയും സ്വദേശ, വിദേശ വ്യവസായികളും പങ്കെടുത്ത ബഹ്റൈന്‍-കേരള വ്യവസായ, നിക്ഷേപക സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ആരോഗ്യരംഗം, വിനോദസഞ്ചാരം, വ്യവസായം, ഗവേഷണം, ആയുര്‍വേദം, ഗതാഗതം തുടങ്ങിയ രംഗങ്ങള്‍ നിക്ഷേപത്തിന് തുറന്നിട്ടിരിക്കുകയാണ്. സുഗമമായി ബിസിനസ് ചെയ്യാന്‍ പറ്റിയ സംസ്ഥാനമാണ് കേരളമെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
ബഹ്റൈന്‍ വാണിജ്യ, വ്യവസായ മന്ത്രി സായിദ് അല്‍ സയാനി, ബഹ്റൈനിലെ ഇന്ത്യന്‍ സ്ഥാനപതി അലോക് കുമാര്‍ സിന്‍ഹ, കോര്‍ട്ട് ഓഫ് ക്രൗണ്‍ പ്രിന്‍സ് പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ ദായിജ് അല്‍ ഖലീഫ, ബഹ്റൈന്‍ ചേംബര്‍ ഓഫ് ഇന്‍ഡസ്ട്രി ആന്‍ഡ് കൊമേഴ്സ് ചെയര്‍മാന്‍ ഖാലിദ് അല്‍ മുവായിദ്, എം.എ.യൂസഫലി, രവി പിള്ള, മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി നളിനി നെറ്റോ, മാധ്യമ ഉപദേഷ്ടാവ് ജോണ്‍ ബ്രിട്ടാസ് തുടങ്ങിയവരും ചടങ്ങില്‍ സംബന്ധിച്ചു.