മലപ്പുറം: കേരളത്തില്‍ നിന്നും ദുരൂഹസാഹചര്യത്തില്‍ കാണാതായ 21 പേരില്‍ 11 പേര്‍ക്ക് ഐ.എസ് ബന്ധമുണ്ടെന്ന സൂചന ലഭിച്ചതോടെ ഇവര്‍ക്ക് നിലമ്പൂര്‍ അത്തിക്കാട്ടെ സലഫി ഗ്രാമം ഇടത്താവളമായി എന്ന വിവരത്തെ തുടര്‍ന്ന് പൊലീസും ഇന്റലിജന്‍സ് ഏജന്‍സികളും അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ വര്‍ഷം ഇവിടെ താമസമാക്കിയ വ്യക്തിയുടെ പ്രവൃത്തികളില്‍ സംശയമുണ്ടെന്ന് ഇവിടുത്തെ താമസക്കാരനായ യാസിര്‍ കഴിഞ്ഞ മാസം 23ന് പൊലീസില്‍ പരാതി നല്‍കിയിരുന്നു. മതവിഷയങ്ങളില്‍ അമിതമായ കാര്‍ക്കശ്യം പുലര്‍ത്തുന്ന കണ്ണൂര്‍ സ്വദേശി ഷിഹാബുദ്ദീനും ഒപ്പമുള്ളവരുടെയും പ്രവര്‍ത്തനങ്ങളില്‍ ദേശവിരുദ്ധതയുണ്ടെങ്കില്‍ നടപടിയെടുക്കണമെന്നായിരുന്നു പരാതി. എന്നാല്‍ ഈ പരാതിയില്‍ പൊലീസ് കാര്യമായ അന്വേഷണമൊന്നും നടത്തിയിരുന്നില്ല. ഇരുവരും തമ്മിലുള്ള വ്യക്തിവൈരാഗ്യമാണ് പരാതിക്കുകാരണമെന്ന നിഗമനത്തിലായിരുന്നു പൊലീസ്.
കാസര്‍ഗോഡ്, പടന്ന, പാലക്കാട് എന്നിവിടങ്ങളില്‍ നിന്നായി കാണാതായവര്‍ നിലമ്പൂര്‍ അത്തിക്കാട്ടെ സലഫി ഗ്രാമത്തില്‍ പോകാറുണ്ടായിരുന്നുവെന്ന് ഇവരുടെ ബന്ധുക്കള്‍ പൊലീസിനോട് വെളിപ്പെടുത്തിയതോടെയാണ് അന്വേഷണം ഊര്‍ജ്ജിതമാക്കിയത്.
നിലമ്പൂരിലെത്തിയവര്‍ ശ്രീലങ്കയിലെ സലഫി കേന്ദ്രത്തിലും പോയിട്ടുണ്ടെന്ന് ഇന്റലിജന്‍സ് ഏജന്‍സികള്‍ക്ക് വിവരമുണ്ട്. ശ്രീലങ്കയിലെ മതപണ്ഡിതന്‍ നിലമ്പൂര്‍ അത്തിക്കാട്ടെത്തി മതപഠന ക്ലാസുകള്‍ എടുത്തതായും വിവരമുണ്ട്.
മുജാഹിദ് വിഭാഗത്തിലെ പിളര്‍പ്പിനു ശേഷം കെ.എന്‍.എം വിഭാഗത്തിനൊപ്പം നിന്ന സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകനും മതപണ്ഡിതനുമായ സുബൈര്‍ മങ്കടയാണ് സംഘടന ആവശ്യമില്ലെന്നു പറഞ്ഞ് ദെമ്മാജ് സലഫി ആശയവുമായി അത്തിക്കാട്ട് സലഫി ഗ്രാമം ആരംഭിച്ചത്. ചാലിയാര്‍ പുഴയുടെ തീരത്ത് വനത്തോട് ചേര്‍ന്ന വിജനമായ ഭാഗത്ത് മൂന്നേക്കര്‍ ഭൂമി വങ്ങി സാമാന ആശയക്കാരായ 18 കുടുംബങ്ങളുമായി ഇവിടെ പ്രത്യേക വിഭാഗമായി ജീവിക്കുകയായിരുന്നു.
ഏഴാം നൂറ്റാണ്ടിലെ പ്രവാചക ജീവിതരീതികളും അതേപടി സ്വീകരിച്ച് ഭൗതിക സുഖസൗകര്യങ്ങളില്‍ നിന്ന് അകന്ന് ജീവിച്ചാലേ സ്വര്‍ഗരാജ്യം ലഭിക്കൂ എന്ന വിശ്വാസമായിരുന്നു ഇവര്‍ മുറുകെപിടിച്ചത്. യെമനിലെ ദെമ്മാജ് സലഫി വിഭാഗത്തെ മാതൃകയാക്കി ആടുവളര്‍ത്തലും കൃഷി അടക്കമുള്ള ജീവിതരീതിയാണ് ഇവര്‍ സ്വീകരിച്ചത്. പ്രത്യേകം മദ്രസയും പള്ളിയും സ്‌കൂളും ഉണ്ടാക്കി.
എന്നാല്‍ പിന്നീട് ഇവരുടെ ഷേക്കായ സുബൈര്‍ മങ്കടയുമായുള്ള അഭിപ്രായവ്യത്യാസം രൂക്ഷമായതോടെ സുബൈര്‍ മങ്കടയും ആറു കുടുംബങ്ങളും രണ്ടു വര്‍ഷം മുമ്പ് ഇവിടം വിട്ടുപോയി. ഇപ്പോള്‍ 12 കുടുംബങ്ങളാണ് ഇവിടെയുള്ളത്. ചില വീടുകള്‍ ഒഴിഞ്ഞു കിടക്കുകയാണ്. ഇങ്ങനെ ഒഴിഞ്ഞുകിടക്കുന്ന ഒരു വീട്ടില്‍ താമസക്കാരനായെത്തിയ കണ്ണൂര്‍ സ്വദേശി ഷിഹാബുദ്ദീനെതിരെയാണ് എട്ടു വര്‍ഷമായി ഇവിടുത്തെ താമസക്കാരനായ യാസിര്‍ പരാതി നല്‍കിയത്.
ഇപ്പോള്‍ അത്തിക്കാട്ടെ സ്‌കൂള്‍ അടഞ്ഞുകിടക്കുകയാണ്. മൂന്നു വര്‍ഷമായി പള്ളിയില്‍ ജുമുഅ നമസ്‌ക്കാരം നടക്കുന്നില്ല. മലപ്പുറം, ലക്ഷദ്വീപ്, തലശേരി, വര്‍ക്കല എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ഇപ്പോള്‍ ഇവിടുത്തെ താമസക്കാര്‍. പ്രത്യേക നേതൃത്വമില്ലാതെ വിചിത്രമായ വിശ്വാസവുമായി ജീവിക്കുന്ന കേരളത്തിലെ ദെമ്മാജ് സലഫി വിഭാഗത്തില്‍ നിലവില്‍ തീവ്രവാദ ബന്ധങ്ങളൊന്നും കണ്ടെത്താനായിട്ടില്ലെങ്കിലും ഇവര്‍ വേഗത്തില്‍ തീവ്രവാദ നിലപാടുകളിലേക്ക് വഴിമാറിപ്പോകാമെന്ന നിഗമനത്തിലാണ് ഇന്റലിജന്‍സ് വിഭാഗങ്ങള്‍.