കൊച്ചി: കേരള പൊലീസിനെ ഒറ്റപ്പെട്ട സംഭവങ്ങള്‍ മുന്‍നിര്‍ത്തി വിമര്‍ശിക്കുന്നവര്‍ ഈ കാര്യം കൂടി ഓര്‍ക്കണം. നിയമപാലനം മാത്രമല്ല ഭാവി തലമുറയെ വാര്‍ത്തെടുക്കുന്ന കാര്യത്തിലും ഒരു പടി മുന്നിലാണ് കേരള പൊലീസ്. എറണാകുളം റേഞ്ച് ഐ.ജി ആയിരിക്കെ പി.വിജയന്‍ ഐ.പി.എസ് മുന്നാട്ട് വെച്ച ആശയം റേഞ്ചിലെ എസ്.പിമാര്‍ നടപ്പാക്കാന്‍ ഇറങ്ങിയതോടെ എസ്.എസ്.എല്‍.സി എന്ന കടമ്പ കടന്നത് 64 കുട്ടികളാണ്.
എസ്.എസ്.എല്‍.സി പരീക്ഷയില്‍ പരാജയപ്പെടുകയും പാതി വഴിയില്‍ വിദ്യാഭ്യാസം അവസാനിപ്പിക്കുകയും ചെയ്ത 90 വിദ്യാര്‍ത്ഥികളെ കണ്ടെത്തി അവര്‍ക്ക് പരിശീലനം നല്‍കി പരീക്ഷക്ക് ഇരുത്തിയപ്പോയാണ് ഇത്രയും വിദ്യാര്‍ത്ഥികള്‍ ജയിച്ച് കയറിയത്.
ഐ.ജി.വിജയന്റെ നേതൃത്വത്തില്‍ സൃഷ്ടിച്ച ‘ഹോപ്പ് ‘ പദ്ധതിയില്‍ പ്രാദേശികമായ വിദ്യാഭ്യാസ സ്ഥാപനങ്ങളും സഹകരിക്കുകയുണ്ടായി. ഈ ലോകം വിജയിക്കുന്നവരുടേത് മാത്രമല്ല, പരാജയപ്പെടുന്നവരുടേത് കൂടിയാണെന്ന ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് ഈ പദ്ധതി മുന്നോട്ട് വയ്ക്കുന്നത്.
പരാജയങ്ങള്‍ക്ക് പിന്നിലെ യഥാര്‍ത്ഥ കാരണം കണ്ടെത്തി വിജയം കരസ്ഥമാക്കാനുള്ള ഇടപെടലും നിര്‍ദ്ദേശങ്ങളുമാണ് പരീക്ഷയ്ക്ക് മുന്‍പ് വിദ്യാര്‍ത്ഥികള്‍ക്ക് പകര്‍ന്ന് നല്‍കിയത്. തുടക്കത്തില്‍ തന്നെ അത് പ്രതീക്ഷിച്ചതിലും അധികം ഫലം കണ്ടതില്‍ സംഘാടകര്‍ ഹാപ്പിയാണ്.
ജീവിത പാതയില്‍ വഴി തെറ്റുമായിരുന്ന ഒരു കൂട്ടം കുട്ടികള്‍ക്ക് വെളിച്ചം പകരാന്‍ കഴിഞ്ഞ ഹോപ്പ് പദ്ധതിക്ക് രക്ഷിതാക്കളും നിറഞ്ഞ കണ്ണുകളോടെ നന്ദി പറയുകയാണിപ്പാള്‍. പ്രത്യേക കോച്ചിങ്ങും സെലക്ഷനും ഒക്കെ നടത്തി എസ്എസ് എല്‍ സി പരീക്ഷയില്‍ നൂറ് ശതമാനം വിജയം ഉറപ്പിക്കുന്ന സ്‌കൂള്‍ മാനേജ്‌മെന്റുകളെയല്ല ഇത്തരം പദ്ധതികളെയാണ് മാധ്യമങ്ങളും സര്‍ക്കാറും പോത്സാഹിപ്പിക്കേണ്ടത് എന്നാണ് സാമൂഹിക പ്രവര്‍ത്തകരും അഭിപ്രായപ്പെട്ടുന്നത്.
കഴിഞ്ഞ എസ്എസ് എല്‍ സി പരീക്ഷ എഴുതിയ നാലര ലക്ഷത്തോളം കുട്ടികളില്‍ 20 ,000-ത്തോളം കുട്ടികള്‍ പരാജയപ്പെട്ടത് കണ്ടാണ് പുതിയ പരീക്ഷണവുമായി ഐ.ജി വിജയന്‍ രംഗത്തിറങ്ങിയത്. എസ്.പിമാരായ എസ്.സുരേന്ദ്രന്‍, വി.എം മുഹമ്മദ് റഫീഖ്, എന്‍ രാമചന്ദ്രന്‍, എ.വി ജോര്‍ജ് എന്നിവരാണ് വിവിധ ജില്ലകളില്‍ പദ്ധതിക്ക് നേതൃത്വം കൊടുത്തത്.
രാജ്യത്തിനു തന്നെ മാതൃകയായ സ്റ്റുഡന്റ് പൊലിസിനും ശബരിമലയെ മാലിന്യ മുക്ത മാക്കുന്ന പുണ്യം പൂങ്കാവനം പദ്ധതിക്ക് പിന്നിലും വിജയന്‍ എന്ന ഐ.പി.എസ് ഓഫീസറാണ്. സീനിയര്‍ ഐ.എ.എസ് ഉദ്യോഗസ്ഥയായ ഡോ. എം. ബീനയാണ് ഭാര്യ. രാഷ്ട്രപതിയുടെ പൊലീസ് മെഡല്‍ , സി.എന്‍.എന്‍ ഐ.ബി.എന്‍ ചാനലിന്റെ പേഴ്‌സണല്‍ ഓഫ് ദ ഇയര്‍ അവാര്‍ഡും ഉള്‍പ്പെടെ നിരവധി അവര്‍ഡുകളും ഇതിനകം കരസ്ഥമാക്കിയിട്ടുണ്ട്.
റിപ്പോര്‍ട്ട്: പി. അബ്ദുള്‍ ലത്തീഫ്