ഡല്‍ഹി: കേരളത്തിന്റെ കടമെടുപ്പ് പരിധി വെട്ടിക്കുറച്ച നടപടിയില്‍ സുപ്രീം കോടതി മാര്‍ച്ച് ആറിനും ഏഴിനും വാദം കേള്‍ക്കും. അടിയന്തിരമായി വാദം കേള്‍ക്കണമെന്ന് കേരളം കോടതിയില്‍ ആവശ്യപ്പെട്ടു. ഹര്‍ജി പിന്‍വലിക്കാന്‍ കേന്ദ്രം ആവശ്യപ്പെട്ടുവെന്ന് കേരളം സുപ്രീം കോടതിയെ അറിയിച്ചു. ഹര്‍ജി പിന്‍വലിച്ചാല്‍ മാത്രമേ മറ്റ് കാര്യങ്ങള്‍ പരിഗണിക്കാനാകൂവെന്ന് കേന്ദ്രം ഉപാധിവെച്ചുവെന്നും കേരളം സുപ്രീം കോടതിയില്‍ വ്യക്തമാക്കി. കേന്ദ്രവുമായുള്ള ചര്‍ച്ചയില്‍ സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ കേന്ദ്രം നിരസിച്ചു. നിയമത്തിനപ്പുറം ഒന്നും ചോദിക്കുന്നില്ലെന്ന് കേരളം പറഞ്ഞു. കേരളം ഉന്നയിക്കുന്നത് എല്ലാം ശരിയല്ലെന്ന് കേന്ദ്രവും കോടതിയെ അറിയിച്ചു. ചര്‍ച്ച സാധ്യമല്ലെങ്കില്‍ വിശദമായ വാദം കേള്‍ക്കാമെന്നും സുപ്രീം കോടതി പറഞ്ഞു.
നേരത്തെ കടമെടുപ്പ് പരിധി വെട്ടിക്കുറിച്ച കേന്ദ്ര നടപടിക്കെതിരെ കേരളം നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു വിഷയത്തില്‍ സമവായ ചര്‍ച്ച നടത്തിക്കൂടേയെന്ന് സുപ്രീം കോടതി ഇരുകക്ഷികളോടും ചോദിച്ചത്. സുപ്രീം കോടതി നിര്‍ദ്ദേശം കേരളവും കേന്ദ്രവും അംഗീകരിക്കുകയും ഇതിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര ധനകാര്യ സെക്രട്ടറിയും കേരളത്തിന്റെ ധനകാര്യ മന്ത്രിയും കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാല്‍ കൂടിക്കാഴ്ചയില്‍ ഇരുവിഭാഗത്തിനും സമവായത്തിലെത്താന്‍ കഴിഞ്ഞില്ല.
നേരത്തെ കേസ് പരിഗണിച്ചപ്പോള്‍ കേരളത്തിന്റെ ധനമാനേജ്മെന്റിനെ കുറ്റപ്പെടുത്തി കേന്ദ്രം നല്‍കിയ കുറിപ്പിന് സംസ്ഥാന സര്‍ക്കാര്‍ അക്കമിട്ട് മറുപടി നല്‍കിയിരുന്നു. കേരളത്തിന് വേണ്ടി അഭിഭാഷകനായ കപില്‍ സിബല്‍ ഹാജരായിരുന്നു. ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.