സംസ്ഥാനത്തെ ആദ്യത്തെ കാരവൻ പാർക്കിന് വാഗമണില്‍ തുടക്കമായി

പീരുമേട്: വിനോദസഞ്ചാരികള്‍ക്കായി ഒരുക്കുന്ന സംസ്ഥാനത്തെ പ്രഥമ കാരവന്‍ പാര്‍ക്കിന് ടൂറിസം കേന്ദ്രങ്ങളിലൊന്നായ വാഗമണ്‍ വേദിയായി.സംസ്ഥാനത്തെ ആദ്യ കാരവാന്‍ പാര്‍ക്കിന്റെ ഉദ്ഘാടനം ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് നിര്‍വഹിച്ചു.

സ്വകാര്യ സംരംഭകരുടെ പങ്കാളിത്തത്തോടെയാണ് ടൂറിസംവകുപ്പ് കാരവന്‍ ടൂറിസം പദ്ധതി ഒരുക്കുന്നത്. പദ്ധതി പ്രഖ്യാപിച്ച് മൂന്നുമാസത്തിനകം സ്വകാര്യമേഖലയില്‍ നിന്ന് 303 കാരവനുകള്‍ക്കായി 154 അപേക്ഷ ടൂറിസം വകുപ്പിന് ലഭിച്ചു. ആദ്യഘട്ടത്തില്‍ 100 കാരവന്‍ പാര്‍ക്കുകള്‍ക്കായി 67 സ്ഥാപനങ്ങള്‍ രംഗത്തുവന്നു. അഡറാക്ക് ഹോട്ടല്‍ ആന്റ് റിസോര്‍ട്ടാണ് ആദ്യ കാരവന്റെ സംരംഭകര്‍.

ശീതീകരിച്ച ലോഞ്ച് ഏരിയ, സുരക്ഷിതമായ സീറ്റുകള്‍, ആധുനിക സജ്ജീകരണങ്ങളുള്ള അടുക്കള, ഷവര്‍ സൗകര്യങ്ങളുള്ള കുളിമുറി, വിശാലമായ കിടപ്പുമുറി, ആധുനിക വാര്‍ത്താവിനിമയ സംവിധാനം എന്നിവയോട് കൂടിയതാണ് കാരവന്‍. ഇനി കാരവനില്‍ സഞ്ചരിച്ചും താമസിച്ചും ഭക്ഷണംകഴിച്ചും ഉറങ്ങിയും വാഗമണിന്റെയും ഇടുക്കിയുടെയും സൗന്ദര്യം ആസ്വദിക്കാം.

Top