ഇടുക്കി: മുല്ലപ്പെരിയാറില്‍ കേരളം നല്‍കിയ അപേക്ഷ സുപ്രിം കോടതി ഇന്ന് പരിഗണിക്കും. മുന്നറിയിപ്പില്ലാതെ ഏകപക്ഷീയമായി ഡാം തുറന്നുവിടുന്ന തമിഴ്‌നാടിന്റെ നടപടി ചോദ്യം ചെയ്താണ് സുപ്രിം കോടതിയില്‍ കേരളം പുതിയ അപേക്ഷ നല്‍കിയത്. ജസ്റ്റിസ് എ.എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിക്കുക.
മുന്നറിയിപ്പില്ലാതെ വെള്ളം തുറന്നുവിടുന്നത് മൂലം പെരിയാര്‍ തീരത്തെ വീടുകളില്‍ വെള്ളം കയറുന്നതടക്കമുള്ള വിഷയങ്ങള്‍ കേരളം അപേക്ഷയില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ജനജീവിതം അപകടത്തിലാക്കുന്ന തമിഴ്‌നാടിന്റെ നടപടി തടയണമെന്ന് കേരളം ആവശ്യപ്പെടുന്നു.
സ്പില്‍വേ ഷട്ടറുകള്‍ തുറക്കുന്നതിലും തുറന്നുവിടുന്ന വെള്ളത്തിന്റെ അളവിലും തീരുമാനം എടുക്കാന്‍ കേരള തമിഴ്‌നാട് പ്രതിനിധികള്‍ ഉള്‍പ്പെട്ട ഒരു സാങ്കേതിക സമിതി രൂപീകരിക്കണമെന്നും കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ മുന്നറിയിപ്പ് നല്‍കിയാണ് വെള്ളം തുറന്നുവിട്ടതെന്ന് തമിഴ്‌നാട് നല്‍കിയ സത്യവാങ്മൂലത്തിലുണ്ട്.
വെള്ളം തുറന്ന് വിടുന്നതില്‍ തീരുമാനം എടുക്കാന്‍ സംയുക്ത സമിതി വേണമെന്ന ആവശ്യവും തമിഴ്‌നാട് തള്ളിയിരുന്നു. അണക്കെട്ട് ശക്തിപ്പെടുത്താനുള്ള നടപടികള്‍ക്ക് കേരളം തടസം നില്‍ക്കുന്നുവെന്നും തമിഴ്‌നാട് സത്യവാങ്മൂലത്തില്‍ ആരോപിച്ചു.
തുടര്‍ച്ചയായി രാത്രികാലത്ത് തമിഴ്‌നാട് മുല്ലപ്പെരിയാറില്‍ നിന്ന് വന്‍തോതില്‍ വെള്ളം ഒഴുക്കിവിട്ടതോടെ പെരിയാറില്‍ ജലനിരപ്പ് കൂടി. സമീപത്തെ വീടുകളില്‍ വെള്ളം കയറുന്ന സാഹചര്യമുണ്ടായി. തുടര്‍ന്നാണ് കേരളം തമിഴ്‌നാടിനെതിരെ സുപ്രിം കോടതിയില്‍ ഹരജി നല്‍കിയത്.