സംസ്ഥാനത്ത് കൊടും ചൂടിന് നേരിയ ശമനം ; താപനില കുറഞ്ഞു

തിരുവനന്തപുരം : സംസ്ഥാനത്ത് കൊടും ചൂടിന് നേരിയ ശമനം. അതേസമയം കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് പ്രകാരം വയനാട് ഒഴികെയുള്ള ജില്ലകളില്‍ ഈ മാസം അവസാനംവരെ താപനില ശരാശരിയില്‍ നിന്നും രണ്ടു മുതല്‍ മൂന്നു ഡിഗ്രി വരെ ഉയരാനാണ് സാധ്യത.

തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ ശരാശരി ഉയര്‍ന്ന താപനില ഇന്നലത്തെ അപേക്ഷിച്ച് കുറഞ്ഞു. പാലക്കാട് ജില്ലയിലെ ശരാശരി ഉയര്‍ന്ന താപനില ഇന്ന് 38.9ഡിഗ്രി ആയി കുറഞ്ഞു. തിരുവനന്തപുരം 36.6 ഡിഗ്രി സെല്‍ഷ്യസ്, ആലപ്പുഴ 36.8, പുനലൂര്‍ 38.2, കോഴിക്കോട് 36 ഡിഗ്രി സെല്‍ഷ്യസ്.

തിരുവനന്തപുരം പാറശ്ശാലയില്‍ കര്‍ഷകന്‍ കുഴഞ്ഞു വീണ് മരിച്ചു. പാറശ്ശാല സ്വദേശി ഉണ്ണികൃഷ്ണന്‍ നായരാണ് മരിച്ചത്. പാലക്കാട് വടകരപ്പതിയില്‍ തൊഴിലുറപ്പ് തൊഴിലാളി ചിന്നമ്മാളും കുഴഞ്ഞുവീണ് മരിച്ചു. ഇന്ന് 59 പേര്‍ക്ക് സൂര്യാതപമേറ്റു. കോട്ടയത്തും കണ്ണൂരുമായി 2 പേര്‍ക്ക് സൂര്യാഘാതവുമുണ്ടായി. 30 പേര്‍ക്ക് അമിത ചൂടുമൂലം ശരീരത്തില്‍ ചുവന്ന പാട് വന്നു.

Top