വിമാനത്താവളത്തില്‍ കുടുങ്ങിയ മലയാളികള്‍ക്ക് സഹായവുമായി വിദേശകാര്യ മന്ത്രാലയം

ന്യൂഡല്‍ഹി: കൊറോണയെ തുടര്‍ന്ന് ചൈനയില്‍ കുടുങ്ങിയ മലയാളികള്‍ക്ക് സഹായവുമായി വിദേശകാര്യ മന്ത്രാലയം. വിദ്യാര്‍ത്ഥികളെ നാട്ടിലെത്തിക്കാന്‍ വിദേശകാര്യ മന്ത്രാലയം ശ്രമം തുടങ്ങി. ബെയ്ജിങിലെ ഇന്ത്യന്‍ എംബസിക്ക് വിദേശകാര്യ മന്ത്രാലയം നിര്‍ദ്ദേശം ഇതിനോടകം നല്‍കി കഴിഞ്ഞു. 17 എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ അടങ്ങുന്ന സംഘമാണ് കിന്‍മിംഗ് വിമാനത്താവളത്തില്‍ കുടുങ്ങികിടക്കുന്നത്. ഡാലിയന്‍ മെഡിക്കല്‍ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികളാണിവര്‍.

ഇവര്‍ സിംഗപ്പൂര്‍ വഴി നാട്ടിലെത്താനുള്ള വിമാനത്തിലാണ് ടിക്കറ്റെടുത്തിരുന്നത്.ചൈനയില്‍ നിന്നുള്ള വിദേശികള്‍ക്ക് സിംഗപ്പൂരില്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുന്ന കാര്യം ഇവര്‍ ബോര്‍ഡിങ് സമയത്താണ് അറിയുന്നത്. തുടര്‍ന്ന് യാത്ര അനുവദിക്കാനാകില്ലെന്ന് വിമാനത്താവള അധികൃതര്‍ തുറന്നടിച്ചു.

അതേസമയം ഇവര്‍ക്ക് ഹോസ്റ്റലിലേക്ക് മടങ്ങാന്‍ കഴിയില്ല, കാരണം തിരിച്ചുവരില്ലെന്ന് വിദ്യാര്‍ത്ഥികളില്‍ നിന്ന് യൂണിവേഴ്സിറ്റി ഹോസ്റ്റല്‍ അധികൃതര്‍ എഴുതിവാങ്ങിയിരുന്നു. എന്തു ചെയ്യണമെന്നറിയാതെ വിദ്യാര്‍ത്ഥികള്‍ ഇപ്പോഴും വിമാനത്താവളത്തില്‍ ഇരിക്കുകയാണ്.

Top