തിരുവനന്തപുരം : രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിലെ കേരളാ പര്യടനത്തിന് തലസ്ഥാനത്ത് വൻ സ്വീകരണമാണ് ലഭിച്ചത്. വെങ്ങാനൂർ അയ്യങ്കാളി സ്മൃതി മണ്ഡപത്തിൽ രാഹുൽ പുഷ്പാർച്ചന അര്‍പ്പിച്ചാണ് യാത്ര ആരംഭിച്ചത്. കേരളത്തിൽ നൽകിയ വൻ വരവേൽപ്പിന് രാഹുൽ ഗാന്ധി നന്ദിയറിയിക്കുകയും ചെയ്തു. ശ്രീനാരായണ ഗുരുവിന്റ സന്ദേശമാണ് ഭാരത് ജോഡോ യാത്രയിലൂടെ സാധ്യമാക്കുന്നതെന്നും രാഹുൽ വിശദീകരിച്ചത്.
‘ഒന്നിച്ച് നിൽക്കുന്നവരാണ് കേരളീയർ. ഭിന്നിപ്പിക്കുന്നവരെ അനുവദിക്കില്ലെന്നതാണ് ഈ നാടിന്റെ പ്രത്യേകത. പാര്‍ലമെന്റ് ജനപ്രതിനിധിയെന്ന നിലയിൽ കേരളത്തെ മനസിലാക്കാൻ തനിക്ക് സാധിച്ചുവെന്നും രാഹുൽ വിശദീകരിച്ചു. നല്ല വിദ്യാഭ്യാസ സമ്പ്രദായം കേരളത്തിനുണ്ട്. പക്ഷെ എന്തുകൊണ്ടാണ് കേരളം മുന്നിലെത്തിയതെന്ന് ആരും ചോദിക്കുന്നില്ല. ഐക്യമാണ് കേരളത്തിന്റെ പ്രത്യേകത. ജനങ്ങളെ ഭിന്നിപ്പിക്കാൻ കേരളം അനുവദിക്കില്ല. കേരളത്തിലുള്ള ആ ഐക്യത്തിന്റെ സന്ദേശം രാജ്യം മുഴുവൻ പടർത്തുന്നതിനാണ് ഈ യാത്രയെന്നും അദ്ദേഹം വിശദീകരിച്ചു.
രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുടെ കേരളത്തിലെ പര്യടനത്തിന് തിരുവനന്തപുരം പാറശാലയിൽ വൻ ആൾക്കൂട്ടത്തിന്റെ അകമ്പടിയോടെയാണ് തുടക്കമായത്. യാത്രയ്ക്കിടെ കെ റെയിൽ വിരുദ്ധ പരിസ്ഥിതി പ്രവർത്തകൻ ശ്രീധർ രാധാകൃഷ്ണനുമായി രാഹുൽ കൂടിക്കാഴ്ച നടത്തി. നാളെ വിഴിഞ്ഞം തുറമുഖ സമരം പ്രതിനിധികളെ രാഹുൽ കാണും.