കാസര്‍കോട്: മലയാളികള്‍ ഐഎിസ് ഭീകര സംഘടനയില്‍ ചേര്‍ന്നെന്ന സംശയം നിലനില്‍ക്കെ കാസര്‍കോട് നിന്ന് കാണാതായ 17 പേരില്‍ ഒരാള്‍ വീട്ടുകാരുമായി ബന്ധപ്പെട്ടു. കാസര്‍കോട് പടന്നയില്‍ സ്വദേശി ഡോ. ഇജാസിന്റെ ഭാര്യ റിഫൈലയാണ് വീട്ടുകാരുമായി ബന്ധപ്പെട്ടത്.
ഞായറാഴ്ച ഇന്റര്‍നെറ്റ് ഫോണ്‍ വഴിയാണ് റിഫൈല വീട്ടുകാരുമായി സംസാരിച്ചത്. താനും ഭര്‍ത്താവും സുരക്ഷിതരാണെന്നും ഉടന്‍ ജോലിയില്‍ പ്രവേശിക്കുമെന്നും റിഫൈല വീട്ടുകാരോട് പറഞ്ഞു. എന്നാല്‍ എവിടെ നിന്നാണ് വിളിക്കുന്നത് എന്ന് മാത്രം റിഫൈല പറഞ്ഞില്ല. തങ്ങള്‍ ഐഎസ് തീവ്രവാദികള്‍ക്കൊപ്പം അല്ലെന്നും റിഫൈല പറഞ്ഞു.
ശ്രീലങ്കയില്‍ ജോലിക്ക് പോകുന്നു എന്നാണ് ഇജാസും റിഹൈലയും വീട്ടുകാരോട് പറഞ്ഞിരിക്കുന്നത്. ചൈനയില്‍ നിന്ന് എം.ബി.ബി.എസ് പാസായിട്ടുണ്ട് ഇജാസ്. ഇജാസിനും റിഫൈലയ്ക്കുമൊപ്പം രണ്ടു വയസ്സുള്ള കുഞ്ഞമുണ്ട്. റിഹൈലയുടെ സന്ദേശം പൊലീസിന് കൈമാറിയതായി റിഫൈലയുടെ ബന്ധുക്കള്‍ പറഞ്ഞു. ഇജാസിന്റെ അനുജന്‍ എന്‍ജിനീയറിംഗ് ബിരുദധാരി ഷിഹാസ്, ഷിഹാസിന്റെ ഭാര്യ അജ്മല എന്നിവരേയും കാണാതായിട്ടുണ്ട്.
അതേസമയം തൃക്കരിപ്പൂരില്‍ നിന്നും കാണാതായവരില്‍ 12പേര്‍ ഇറാനിലെ ടെഹ്‌റാനിലേക്ക് കടന്നത് നാല് ഗ്രൂപ്പുകളായിട്ടാണെന്ന വിവരവും പുറത്ത് വന്നിട്ടുണ്ട്. കോഴിക്കോട്ടെ ട്രാവല്‍ ഏജന്‍സി വഴി വിമാന ടിക്കറ്റുകള്‍ ബുക്ക് ചെയ്തത് മേയ് 24, ജൂണ്‍ 27,28, ജൂലൈ 3 എന്നീ ദിവസങ്ങളിലാണ് സംഘം ടെഹ്‌റാനിലേക്ക് കടന്നതെന്നാണ് ലഭിച്ചിരിക്കുന്ന വിവരങ്ങള്‍. മുംബൈ, ഹൈദരാബാദ്, ബംഗല്‍രു വിമാനത്താവളങ്ങള്‍ വഴിയായിരുന്നു യാത്ര.
തൃക്കരിപ്പൂര്‍ പടന്ന സ്വദേശികളായ ഡോ.ഇജാസ്, ഭാര്യ റഫീല, ഒന്നരവയസ് പ്രായമുളള മകന്‍, ഇജാസിന്റെ സഹോദരന്‍ ഷിയാസ്, ഭാര്യ അജ്മല ഇവരുടെ മകന്‍,പി.കെ അഷ്ഫാഖ്, ഭാര്യ ഷംസിയ, രണ്ടു വയസുളള മകള്‍, എളമ്പച്ചി സ്വദേശി മുഹമ്മദ് മന്‍സാദ് പടന്ന സ്വദേശി ഹഫീസുദ്ദീന്‍ എന്നിവരാണ് ടെഹ്‌റാനിലേക്ക് കടന്നത്. ജൂണ്‍ ആദ്യവാരത്തില്‍ കോഴിക്കോട്ടെ ട്രാവല്‍ ഏജന്‍സി വഴി നാലുഗ്രൂപ്പുകളായിട്ടാണ് ഇവര്‍ ടിക്കറ്റ് ബുക്ക് ചെയ്തത്.
ജൂണ്‍ 24ന് രാജ്യം വിട്ട ഷിയാസിനു തൊട്ടുപിന്നാലെ ജൂണ്‍ 27ന് പി.കെ അഷ്ഫാഖ്, ഭാര്യ ഷംസിയ, ഇവരുടെ രണ്ട് വയസുളള മകള്‍ എന്നിവരുള്‍പ്പെടുന്ന സംഘം മുംബൈ വഴി യാത്രയായി. 28ന് മര്‍വാന്‍ ബക്കര്‍ ഇസ്മായില്‍, മുഹമ്മദ് മന്‍സാദ്, ഹഫീസുദ്ദീന്‍ എന്നിവര്‍ ഹൈദരാബാദ് വിമാനത്താവളം വഴി ടെഹ്‌റാനിലേക്ക് കടന്നുവെന്നുമാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്ന വിവരങ്ങള്‍. ഡോ ഇജാസാണ് ടിക്കറ്റുകള്‍ ബുക്ക് ചെയ്തത്. ടെഹ്‌റാനിലെ ഇന്ത്യന്‍ എംബസി വഴി ഇവരെ തിരികെ എത്തിക്കാനുളള നീക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.