തിരുവനന്തപുരം: ദുരൂഹ സാഹചര്യത്തില്‍ മലയാളികള്‍ കാണാതായ വിഷയത്തില്‍ മുതലെടുപ്പ് നടത്താന്‍ ശ്രമം നടക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍. മുസ്ലിം യുവാക്കളുടെ തിരോധാനം മുതലെടുത്ത് മുസ്ലിം വിരുദ്ധ വികാരം ഉയര്‍ത്താനുളള ശ്രമമാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മലയാളികളുടെ ദുരൂഹ തിരോധാനവുമായി ബന്ധപ്പെട്ട് അവതരിപ്പിച്ച സബ്മിഷന് മറുപടി പറയവെയാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
കാണാതായ മലയാളികള്‍ എല്ലാം ഐഎസില്‍ ചേര്‍ന്നെന്ന തരത്തില്‍ വരുന്ന വാര്‍ത്തകള്‍ വിശ്വസിക്കാന്‍ കഴിയില്ല. വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പറയാന്‍ പറ്റുന്ന കാര്യങ്ങള്‍ സഭയോടും ജനങ്ങളോടും പറഞ്ഞ് ദുരൂഹതകള്‍ നീക്കണമെന്നും രമേശ് ചെന്നിത്തല സഭയില്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് ഇതുവരെ 21 പേരെ കാണാതായതായാണ് പരാതികള്‍ ലഭിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞത്.
കാസര്‍കോട് നിന്നും 17 പേരെയും പാലക്കാട് നിന്നും 4 പേരെയുമാണ് കാണാതായത്. വിഷയം അതീവ ഗൗരവമുളളതാണ്. കേള്‍ക്കുന്ന വാര്‍ത്തകളെല്ലാം ഗൗരവമുളളതാണ്.എന്നാല്‍ ഭീകരവാദത്തെ ഇതുമായി കൂട്ടിക്കെട്ടാനുളള ശ്രമം സ്ഥാപിത താത്പര്യക്കാര്‍ നടത്തുന്നുണ്ട്. അതിനെ കരുതിയിരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.