കേരളീയം പരിപാടി ആദിമത്തിനെതിരെ കേസെടുക്കണം; കോണ്‍ഗ്രസ് നേതാവ് കൊടിക്കുന്നില്‍ സുരേഷ്

തിരുവനന്തപുരം: കേരളീയം പരിപാടി ആദിമത്തിനെതിരെ കേസെടുക്കണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം കൊടിക്കുന്നില്‍ സുരേഷ് എം പി. ആദിവാസി ജനവിഭാഗത്തെ പ്രദര്‍ശനവസ്തുക്കളാക്കുകയും വംശീയമായി അധിക്ഷേപിക്കുകയും ചെയ്യുന്നതാണ് ആദിമം. കേരളീയം സംഘാടകര്‍ക്കും കേരള ഫോക്ലോര്‍ അക്കാദമി അധികൃതര്‍ക്കുമെതിരേ പട്ടികജാതി പട്ടികവര്‍ഗ പീഡന നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് കൊടിക്കുന്നില്‍ സുരേഷ് ആവശ്യപ്പെട്ടു.

അതേസമയം കേരളീയത്തിലെ ആദിമം പ്രദര്‍ശനത്തില്‍ ആദിവാസികളെ പ്രദര്‍ശിപ്പിച്ചെന്ന വിവാദത്തില്‍ വിശദീകരണവുമായി ഫോക്ലോര്‍ അക്കാദമി ചെയര്‍മാന്‍ ഒ എസ് ഉണ്ണികൃഷ്ണന്‍ രംഗത്തെത്തിയി. കഴിഞ്ഞ ദിവസം വിഷയം വിവാദമായപ്പോള്‍ തന്നെ ഫോട്ടോ എടുക്കാന്‍ നിന്നു കൊടുക്കരുതെന്ന് ആദിവാസികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നുവെന്ന് ഒ എസ് ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

ആളുകള്‍ വന്ന് അവര്‍ക്കൊപ്പം ഫോട്ടോ എടുക്കുന്നതാണ് പ്രശ്നം എന്ന് ബോധ്യമായ സാഹചര്യത്തില്‍ തന്നെ അവര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. കലാപരിപാടി കഴിഞ്ഞാല്‍ ആ വേദിയില്‍ നിന്ന് ഫോട്ടോ എടുത്തുകൊള്ളൂ, അതിന് ശേഷം വിശ്രമസ്ഥലത്ത് പോയി വിശ്രമിക്കണമെന്നും ഫോട്ടോക്ക് നിന്ന് കൊടുക്കരുതെന്നുമാണ് അവരോട് പറഞ്ഞത്. വേഷം ധരിച്ചിരിക്കുന്നവരെ കാണുമ്പോള്‍ കൗതുകവും ഇഷ്ടവും സ്നേഹവും കൊണ്ട് പലരും ഫോട്ടോ എടുക്കുകയാണ് ഉണ്ടായത്. ദുരുദ്ദേശമുള്ളവര്‍ പിന്നീട് ആ ഫോട്ടോ മോശമായി പ്രചരിപ്പിക്കുകയായിരുന്നു. അങ്ങനെയാണ് വിവാദമായതെന്നും അക്കാദമി ചെയര്‍മാന്‍ ഒ എസ് ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

Top