തിരുവനന്തപുരം: മത്സ്യബന്ധനയാനങ്ങൾക്കു സബ്സിഡി നിരക്കിലുള്ള മണ്ണെണ്ണയ്ക്കു പെർമിറ്റ് അനുവദിക്കാൻ പരിശോധന ജനുവരി 9ന് നടക്കും. ഫിഷറീസ്, സിവിൽ സപ്ലൈസ് വകുപ്പുകൾ ചേർന്നാണു പരിശോധന. 3 വർഷത്തേക്കാണു പെർമിറ്റ്. ഫിഷറീസ് ഇൻഫർമേഷൻ മാനേജ്മെന്റ് സിസ്റ്റത്തിൽ റജിസ്റ്റർ ചെയ്ത, മത്സ്യബന്ധന ലൈസൻസ് ഉള്ള യാനങ്ങളായിരിക്കണം. എൻജിൻ കാലപ്പഴക്കം 10 വർഷത്തിൽ കൂടരുത്. ലീറ്ററിന് 46 രൂപ നിരക്കിലാണു മണ്ണെണ്ണ നൽകുന്നത്.
3 വർഷത്തിലൊരിക്കൽ നടക്കേണ്ട പരിശോധന ഒടുവിൽ നടന്നത് 2015 ലാണ്. അന്നു 15,678 യാനങ്ങൾക്കു പെർമിറ്റ് അനുവദിച്ചു. 2018 ൽ പ്രളയം മൂലം പരിശോധന മുടങ്ങി. തുടർന്നുള്ള വർഷങ്ങളിലും പ്രളയം, കോവിഡ് എന്നിവ തടസ്സമായി.
ഒരാൾക്കു പരമാവധി 2 എൻജിനുകൾക്കേ പെർമിറ്റ് അനുവദിക്കുകയുള്ളൂ. മത്സ്യഫെഡ് വഴിയാണു പെർമിറ്റ് നൽകുക. രാവിലെ 8 മുതൽ വൈകിട്ട് 5 വരെ നടക്കുന്ന പരിശോധനയിൽ മത്സ്യബന്ധനയാനം, ഔട്ട്ബോർഡ് എൻജിൻ, ക്ഷേമനിധി ബോർഡ് പാസ് ബുക്ക്, റജി0സ്ട്രേഷൻ സർട്ടിഫിക്കറ്റ്, എഫ്ഐഎംഎസ് റജിസ്ട്രേഷൻ, റേഷൻ കാർഡ് എന്നിവ സഹിതമാണ് എത്തേണ്ടത്. പുതിയ എൻജിനാണെങ്കിൽ ഇൻവോയ്സും പഴയ എൻജിനാണെങ്കിൽ നിലവിലെ പെർമിറ്റും ഹാജരാക്കണമെന്നു ഫിഷറീസ് ഡയറക്ടർ അറിയിച്ചു.