തിരശ്ശീലയില്‍ പോലും മതസഹിഷ്ണുത അംഗീകരിക്കാന്‍ സാധിക്കാത്ത ഇന്ത്യന്‍ ജനത !

film india main

തവികാരം വൃണപ്പെടുന്നു എന്നു പറയുന്നത് ഒരു തരത്തില്‍ ഫാഷനായി മാറിയിരിക്കുകയാണ്. അല്ലെങ്കില്‍ അതിനെ ചില വിഭാഗങ്ങളുടെ ഗൂഢാലോചനാ സിദ്ധാന്തത്തിന്റെ ഭാഗമാണ് എന്ന് കരുതേണ്ടി വരും. ജനഹൃദയങ്ങളില്‍ വളരെ വേഗത്തില്‍ സ്വാധീനം ചെലുത്താന്‍ സാധ്യതയുള്ള മാധ്യമം സിനിമ ആയതു കൊണ്ട് തന്നെ തിരിശ്ശീലയിലെ മതവികാരങ്ങളും മതില്‍ക്കെട്ടുകളും സംരക്ഷിക്കപ്പെടേണ്ടത് നിക്ഷിപ്ത താല്പര്യക്കാരുടെ മുഖ്യ അജണ്ടയാണ്.

ഒരു സിനിമ പുറത്തിറങ്ങിയാല്‍ അതില്‍ ഏതെങ്കിലും വിധത്തില്‍ മതം പരാമര്‍ശിക്കപ്പെടുന്നുണ്ടോ എന്ന് കാത്തിരിക്കുന്ന ജനവിഭാഗം ഇന്ത്യയിലുണ്ട് എന്നത് അപലപനീയമാണ്. വര്‍ഗ്ഗീയതയുടെ ഇരുണ്ട കാലഘട്ടത്തിലൂടെ കടന്നു പോയ ഒരു ജനവിഭാഗമാണ് നമ്മളെന്നും ഇനിയും അതില്‍ നിന്ന് കരകയറാന്‍ സാധിച്ചിട്ടില്ലെന്നും മനസ്സിലാക്കാതെ പോകുന്നിടത്താണ് ഇത്രയും ഗുരുതരമായ ആരോപണങ്ങളും കലഹങ്ങളും വീണ്ടും ഉണ്ടാകുന്നത്.

അതി തീവ്ര ഹിന്ദു വികാരത്തിന് ഇനിയും വിള നിലങ്ങള്‍ ബാക്കിയുണ്ടെന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് ഇത്തരത്തില്‍ വലിയ ജനരോക്ഷം ഇളക്കി വിടുന്നത്. ഏറ്റവുമൊടുവില്‍ ഗുജറാത്ത് കോടതിയില്‍ നിന്ന് ഇതിനൊരു തിരിച്ചടി നേരിട്ടിരിക്കുകയാണ്. സാറാ അലിഖാനും സുഷാന്ത് സിങ് രജപുത്തും പ്രധാനവേഷത്തിലെത്തുന്ന കേദാര്‍നാഥിന്റെ പ്രദര്‍ശനം വിലക്കണമെന്ന ആവശ്യവുമായാണ് ഒരു വിഭാഗം കോടതിയെ സമീപിച്ചത്. ചിത്രം മതവികാരം വ്രണപ്പെടുത്തുന്നു എന്നായിരുന്നു പ്രധാന ആരോപണം. ഹിന്ദു പെണ്‍കുട്ടി മുസ്ലീം യുവാവുമായി പ്രണയത്തിലാകുന്നത് കണ്ടിരിക്കാന്‍ സാധിക്കുന്നില്ല എന്നതാണ് ഇവിടുത്തെ പ്രശ്‌നം. അത്രമേല്‍ വൈകാരികമാണ് ഇന്ത്യയില്‍ മതം.

പ്രണയത്തിന് മത വികാരങ്ങളുടെ സര്‍ട്ടിഫിക്കറ്റ് വേണമെന്നത് പറയുന്നത് ആദ്യമായിട്ടല്ല. ജാതിയും ഉപജാതികളും ഇതിലെ മറ്റൊരു പ്രധാനപ്പെട്ട ഘടകമാണ്. കേദാര്‍നാഥിന്റെ കാര്യത്തില്‍ ഹിന്ദുത്വത്തെക്കുറിച്ച് അറിയില്ലെങ്കില്‍ പഠിച്ചിട്ട് വരണമെന്നാണ് കോടതി ഹര്‍ജിക്കാരോട് ആവശ്യപ്പെട്ടത്. മറ്റ് മതങ്ങളോടുള്ള സഹിഷ്ണുതയും ക്ഷമയും മനുഷ്യ പുരോഗതിയുമാണ് ഹിന്ദുത്വത്തിന്റെ അടിസ്ഥാന തത്വങ്ങളെന്നും വളരെ മനോഹരമായി കോടതി പ്രശ്‌നം പരിഹരിച്ചു.

അത് മാത്രമല്ല, സിനിമ നിരോധിക്കുന്നത് അണിയറയില്‍ പ്രവര്‍ത്തിച്ച ഒരു കൂട്ടം ആളുകളുടെ മൗലികാവകാശങ്ങളെ നിഷേധിക്കുന്നതാകുമെന്നും അത് അംഗീകരിക്കാന്‍ സാധിക്കില്ലെന്നുമാണ് കോടതി പറഞ്ഞത്. നിയമത്തിനനുസൃതമായി എന്ത് തൊഴില്‍ ചെയ്തും അന്തസ്സോടെ രാജ്യത്ത് ജീവിക്കാനുള്ള വ്യക്തികളുടെ സ്വാതന്ത്ര്യം ഉറപ്പുവരുത്താന്‍ കോടതിയ്ക്ക് ബാധ്യതയുണ്ടെന്ന് വ്യക്തമാക്കി സമയം നഷ്ടമാക്കിയതിന് 5000 രൂപ പിഴയും ഹര്‍ജിക്കാര്‍ ഒടുക്കണമെന്ന് വിധി പ്രസ്ഥാവിച്ചു.

അഭിപ്രായ സ്വാതന്ത്രത്തെക്കുറിച്ചും ആവിഷ്‌ക്കാര സ്വാതന്ത്രത്തെക്കുറിച്ചും നിരന്തര ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് ഇത്തരത്തിലുള്ള പലവിധ പ്രശ്നങ്ങള്‍ പൊങ്ങി വരുന്നത്. മഹാ സിനിമയുടെ പോസ്റ്ററുമായി ബന്ധപ്പെട്ടതാണ് മറ്റൊരു വിവാദം. സന്ന്യാസി വേഷത്തില്‍ പുകവലിയ്ക്കുന്ന ഹന്‍സികയുടെ പോസ്റ്റര്‍ ചെറുതായിട്ടല്ല പ്രശ്നങ്ങള്‍ ഉണ്ടാക്കിയത്. അവസാനം സംവിധായകന്‍ ക്ഷമാപണവുമായി രംഗത്തു വരികയായിരുന്നു.

സിഖ് മതക്കാരുടെ വികാരത്തെ വ്രണപ്പെടുത്തിയെന്ന് ആരോപിച്ചാണ് ഷാരൂഖ് ചിത്രം സീറോയ്ക്കെതിരെ സിഖ് വംശജരും വലിയ പ്രതിരോധം തീര്‍ത്തു. പുകവലി രംഗങ്ങള്‍ അടങ്ങുന്ന പോസ്റ്ററുകളില്‍ നിയമപ്രകാരമുളള മുന്നറിയിപ്പില്ല എന്ന കാരണത്താല്‍ ആരോഗ്യ വകുപ്പ് വിജയ് ചിത്രത്തിനെതിരെയും സര്‍ക്കാരിനെതിരെയും കേസെടുത്തതും അടുത്ത് തന്നെയാണ്.

സിനിമകളില്‍ ജാഗ്രതക്കുറവുണ്ടെങ്കില്‍ അത് പരിഹരിക്കുക തന്നെ വേണം. അതിനപ്പുറം അകാരണമായുണ്ടാകുന്ന മതവികാരങ്ങള്‍ക്ക് തടയിടാന്‍ കഴിഞ്ഞില്ലെങ്കില്‍ വരാനിരിക്കുന്നത് വലിയ അരാജകവാദവും കയ്യില്‍ ഒതുങ്ങാത്ത വര്‍ഗ്ഗീയ പ്രശ്നങ്ങളുമായിരിക്കും എന്നതില്‍ സംശയമില്ല.

റിപ്പോര്‍ട്ട്: എ.ടി അശ്വതി

Top