കോട്ടയം: പ്രണയ വിവാഹത്തെ തുടര്‍ന്ന് കൊല്ലപ്പെട്ട കെവിന്റെ ശരീരത്തില്‍ 15 ചതവുകളുണ്ടെന്ന് പോസ്റ്റുമോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ട്. ജനനേന്ദ്രിയത്തിലടക്കം ചവിട്ടേറ്റ പാടുകളുണ്ട്. ആന്തരികാവയവങ്ങള്‍ക്കും ക്ഷതമേറ്റു. എന്നാല്‍, ഇവയൊന്നും മരണകാരണമല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ശ്വാസകോശത്തില്‍ നിറയെ വെള്ളം കയറിയിട്ടുണ്ട്. വെള്ളം ശ്വാസകോശത്തില്‍ച്ചെന്ന് മരിച്ചാല്‍ മൃതദേഹം കമിഴ്ന്നുകിടക്കും. കണ്ണുകള്‍ തുറന്നനിലയിലായിരിക്കും. കണ്ണിലെ തിളക്കംകണ്ട് ജലജീവികള്‍ കൊത്തും. കണ്ണുകളുടെ ഭാഗത്തെ മുറിവ് ഇങ്ങനെയുണ്ടായതാകാമെന്നാണ് നിഗമനം.
മരിച്ചശേഷം 20 മണിക്കൂറോളം വെള്ളത്തില്‍ കിടന്നെന്നും കണക്കാക്കുന്നു.ശരീരം ജീര്‍ണിച്ചുതുടങ്ങിയിരുന്നു.വിശദപരിശോധനയ്ക്കായി ആന്തരികാവയവങ്ങളുടെ ഭാഗങ്ങള്‍ ശേഖരിച്ചു. ഇവ തിരുവനന്തപുരത്തെ ഫൊറന്‍സിക് ലബോറട്ടറിയിലേക്കയച്ചു. അതിന്റെ ഫലംകൂടി വന്നശേഷമേ കൃത്യമായ വിവരം ലഭിക്കൂ. എന്തെങ്കിലും രാസവസ്തു ഉള്ളില്‍ നല്‍കിയിട്ടുണ്ടോയെന്നും വിശദ പരിശോധനയില്‍ വ്യക്തമാകും. വിശദമായ ഫലംകിട്ടാന്‍ വൈകും.