വാഷിംഗ്ടണ്‍: യുഎസിലെ ട്രംപ് ഭരണകൂടത്തിലെ ആക്ടിംഗ് ആഭ്യന്തര സുരക്ഷാ സെക്രട്ടറി കെവിന്‍ മക് അലീനന്‍ രാജിവച്ചു. ‘അഭിനന്ദനങ്ങള്‍ കെവിന്‍, നന്നായി ജോലി ചെയ്തു. പുതിയ ആക്ടിംഗ് സെക്രട്ടറിയെ അടുത്താഴ്ച പ്രഖ്യാപിക്കും’- പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ട്വീറ്റ് ചെയ്തു.
കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കുന്നതിനാണ് അദ്ദേഹത്തിന്റെ രാജിയെന്നാണ് റിപ്പോര്‍ട്ട്. ട്രംപ് അധികാരമേറ്റശേഷമുള്ള നാലാമത്തെ ആഭ്യന്തര സുരക്ഷാ സെക്രട്ടറിയാണ് കെവിന്‍ മക് അലീനന്‍. മെക്‌സിക്കന്‍ അതിര്‍ത്തി വഴിയുള്ള അനധികൃത കുടിയേറ്റവും മയക്കുമരുന്നു കടത്തും തടയുകയെന്ന ലക്ഷ്യത്തോടെയുള്ള പ്രസിഡന്റിന്റെ കുടിയേറ്റ നയങ്ങള്‍ അദ്ദേഹം പിന്തുണ നല്‍കിയിരുന്നു.
ആറു മാസം മുമ്പാണ് കെവിന്‍ മക് അലീനന്‍ ആക്ടിംഗ് ആഭ്യന്തര സെക്രട്ടറിയായി ചുമതലയേല്‍ക്കുന്നത്. ചുമതലയേല്‍ക്കും മുമ്പ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ കമ്മിഷണറായിരുന്നു അലീനന്‍.