തിരുവനന്തപുരം: കെവിന്‍ വധക്കേസിലെ പ്രതിക്ക് ജയിലില്‍ മര്‍ദ്ദനമേറ്റ സംഭവത്തില്‍ അന്വേഷണ വിധേയമായി മൂന്ന് ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍മാരെ സ്ഥലം മാറ്റാന്‍ ജയില്‍ ഡിഐജി റിപ്പോര്‍ട്ട് നല്‍കി.
ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് തിരുവനന്തപുരം സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു. മെഡിക്കല്‍ രേഖകള്‍ അടക്കം പരിശോധിച്ച് വിശദമായ അന്വേഷണം നടത്തണമെന്നും ജയില്‍ ഡിഐജിയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.
കേസിലെ ഒന്‍പതാം പ്രതി ടിറ്റോ ജെറോമിനെ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ വച്ച് സഹതടവുകാര്‍ ക്രൂരമായി മര്‍ദ്ദിച്ചുവെന്ന പരാതിയില്‍ ഹൈക്കോടതി കഴിഞ്ഞ ദിവസം അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. മര്‍ദ്ദനമേറ്റ തന്നെ ചികിത്സ നല്‍കാതെ ജയില്‍ അധികൃതര്‍ സെല്ലില്‍ അടച്ചുവെന്നായിരുന്നു പ്രതിയുടെ പരാതി.