കോട്ടയം: ഏറെ കോളിളക്കം സൃഷ്ടിച്ച കെവിന്‍ വധക്കേസ് ദുരഭിമാനക്കൊല തന്നെയെന്ന് കോടതി. കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധി പ്രസ്താവിച്ചത്.
കെവിന്റെ ഭാര്യ നീനുവിന്റെ സഹോദരന്‍ ഉള്‍പ്പെടെ പത്ത് പ്രതികള്‍ കുറ്റക്കാരാണെന്നും കോടതി പറഞ്ഞു. എന്നാല്‍, നീനുവിന്റെ പിതാവ് ചാക്കോ കുറ്റക്കാരനല്ലെന്നും കോടതി വ്യക്തമാക്കി. പ്രതികളുടെ ശിക്ഷ മറ്റന്നാള്‍ വിധിക്കും.
ആഗസ്റ്റ് 14ന് കെവിന്‍ വധക്കേസില്‍ വിധി പറയാനിരുന്ന കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ദുരഭിമാനക്കൊലയെന്ന പ്രോസിക്യൂഷന്‍ വാദത്തില്‍ അവ്യക്തത ഉള്ളത് കൊണ്ട് വീണ്ടും ഇരുപക്ഷത്തിന്റെയും വിശദീകരണം കേട്ടിരുന്നു.
താഴ്ന്ന ജാതിയില്‍പ്പെട്ട കെവിനെ വിവാഹം കഴിച്ചാല്‍ കുടുംബത്തിന് അപമാനം ഉണ്ടാകുമെന്ന നീനുവിന്റെ സഹോദരനും ഒന്നാം പ്രതിയുമായ സാനു ചാക്കോയുടെ വാട്സ്ആപ്പ് സന്ദേശം പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കുകയും ചെയ്തിരുന്നു. കെവിന് നീനുവിനെ വിവാഹം ചെയ്ത് നല്‍കാമെന്ന് അച്ഛന്‍ ചാക്കോ ഒത്ത് തീര്‍പ്പ് ചര്‍ച്ചയില്‍ പറഞ്ഞത് കൊണ്ട് ദുരഭിമാനക്കൊല അല്ലെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം.
നീനുവിന്റെ അച്ഛന്‍ ചാക്കോ ജോണ്‍, സഹോദരന്‍ സാനു ചാക്കോ എന്നിവരുള്‍പ്പടെ ആകെ 14 പ്രതികളായിരുന്നു കേസില്‍ ഉണ്ടായിരുന്നത്. ഇവരില്‍ പത്ത് പേര്‍ കുറ്റക്കാരാണെന്നാണ് കോടതി വിധിച്ചിരിക്കുന്നത്.
ഈ വര്‍ഷം ഏപ്രില്‍ 24 ന് തുടങ്ങിയ വിചാരണ മൂന്ന് മാസം കൊണ്ടാണ് പൂര്‍ത്തിയാക്കിയത്. കെവിന്റെ മാതാപിതാക്കളും ഭാര്യ നീനുവും വിധി കേള്‍ക്കാന്‍ കോടതിയില്‍ എത്തിയില്ല.