കോട്ടയം: കെവിന്‍ വധക്കേസിലെ പ്രതികള്‍ക്ക് അര്‍ഹമായ ശിക്ഷ ലഭിച്ചെന്ന് കെവിന്റെ പിതാവ് ജോസഫ്. മൂന്നോ നാലോ പ്രതികള്‍ക്കെങ്കിലും വധശിക്ഷ ലഭിക്കുമെന്ന് നിയമവിദഗ്ധര്‍ പറഞ്ഞിരുന്നുവെന്നും വധശിക്ഷ നല്‍കാമായിരുന്നുവെന്നും ജോസഫ് അഭിപ്രായപ്പെട്ടു. കേസിലെ വിധി വന്നതിനു പിന്നാലെ കോട്ടയത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ജോസഫ്. കേസിലെ 10 പ്രതികള്‍ക്കും ഇരട്ട ജീവപര്യന്തമാണ് കോടതി ശിക്ഷയായി വിധിച്ചത്.
അതേസമയം, കേസിലെ പ്രതിയായിരുന്ന നീനുവിന്റെ പിതാവ് ചാക്കോയെ വെറുതെവിട്ടത് നിരാശാജനകമാണെന്നും ചാക്കോയ്‌ക്കെതിരെയുള്ള നിയമപോരാട്ടം തുടരുമെന്നും ജോസഫ് വ്യക്തമാക്കി. കേസിന്റെ അന്വേഷണത്തില്‍ പോലീസ് ഉദ്യോഗസ്ഥരടക്കം ഏറെ സഹായിച്ചുവെന്നും എല്ലാവരോടും നന്ദിയുണ്ടെന്നും ജോസഫ് കൂട്ടിച്ചേര്‍ത്തു.
2018 മേയ് 28നാണ് നട്ടാശേരി പ്ലാത്തറ വീട്ടില്‍ കെവിനെ(24) ചാലിയേക്കര തോട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ദളിത് ക്രിസ്ത്യനായ കെവിന്‍ മറ്റൊരു സമുദായത്തില്‍പ്പെട്ട തെന്മല സ്വദേശിനി നീനുവിനെ പ്രണയിച്ച് വിവാഹം കഴിച്ചതിലുള്ള വൈരാഗ്യത്തില്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി എന്നാണ് കേസ്.