കോട്ടയം: കെവിന്‍ വധക്കേസിലെ പ്രതികളുടെ ശിക്ഷാവിധി ഇന്ന്. പ്രതികളുടെ ശിക്ഷയിന്‍മേലുള്ള വാദം കഴിഞ്ഞ 22 ന് പൂര്‍ത്തിയായ സാഹചര്യത്തില്‍ രാവിലെ 11 മണിക്ക് കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുന്നത്. കെവിന്‍ വധക്കേസ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസ് തന്നെയെന്നാണ് കോടതിയുടെ നിരീക്ഷണം.
നീനുവിന്‍റെ സഹോദരനടക്കം കേസില്‍ പത്ത് പ്രതികൾ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. പരമാവധി വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റങ്ങളാണ് പത്ത് പ്രതികൾക്കുമെതിരെ കോടതി ചുമത്തിയിരിക്കുന്നത്.
കെവിന്‍റെ ഭാര്യയും കേസിലെ മുഖ്യപ്രതി ഷാനു ചാക്കോയുടെ സഹോദരിയുമായ നീനുവിന്‍റെ മൊഴിയാണ് കേസില്‍ പ്രതികള്‍ക്കെതിരെയുള്ള നിര്‍ണായക തെളിവ്. കൊലയ്ക്ക് കാരണം ദുരഭിമാനമാണെന്നും കെവിനെ ജാതി പറഞ്ഞ് അധിക്ഷേപിച്ചെന്നും നീനു കോടതിയില്‍ മൊഴി നല്‍കിയിരുന്നു.