കോട്ടയം: മാനസിക രോഗിയാക്കാനുള്ള കുടുംബത്തിന്റെ ശ്രമങ്ങളെ നിയമപരമായി നേരിടുമെന്ന് കൊല്ലപ്പെട്ട കെവിന്റെ ഭാര്യ നീനു.
കെവിനെ തട്ടിക്കൊണ്ട് പോയത് മുതലുള്ള കാര്യങ്ങളെല്ലാം അമ്മയ്ക്കറിയാമെന്നും, കെവിനെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയത് അമ്മയുടെ നേതൃത്വത്തിലാണെന്നും, മനോരോഗത്തിന് ചികിത്സ തേടിയെന്ന അമ്മയുടെ വാദം തെറ്റാണ്, എന്നാല്‍ ഒരിക്കല്‍ മനശാസ്ത്രജ്ഞന്റെ അടുത്ത് കൗണ്‍സിലിംഗിന് പോയിട്ടുണ്ടെന്നും നീനു വ്യക്തമാക്കി.
മകളെ മനോരോഗത്തിന് ചികിത്സിച്ചിട്ടുണ്ടെന്ന അമ്മ രഹനയുടെ വാദങ്ങളോട് പ്രതികരിക്കുകയായിരുന്നു നീനു.
നേരത്തെ, നീനുവിനെ താന്‍ നോക്കിയില്ലെന്നും ഉപദ്രവിച്ചെന്നും പറയുന്നത് കള്ളമാണെന്ന് നീനുവിന്റെ അമ്മ രഹന ചാക്കോ പറഞ്ഞിരുന്നു. കെവിന്‍ വധവുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ തനിക്ക് പങ്കില്ല. മകന്‍ ഷാനു ഗള്‍ഫില്‍നിന്ന് വന്ന കാര്യം അറിഞ്ഞിട്ടില്ല. ഒളിവില്‍ പോയിട്ടില്ലെന്നും നാട്ടില്‍ത്തന്നെ ഉണ്ടായിരുന്നുവെന്നും അവര്‍ പറഞ്ഞു.
കെവിന്‍ വധക്കേസില്‍ ഇന്ന് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാന്‍ വന്നപ്പോഴായിരുന്നു രഹനയുടെ പ്രതികരണം. കേസില്‍ രഹ്നയുടെ പങ്ക് പരിശോധിക്കുന്നതിന്റെ ഭാഗമായാണ് വിളിച്ചുവരുത്തുന്നത്.
കെവിനുമായി അടുപ്പമുണ്ടെന്ന് നീനു തന്നോട് പറഞ്ഞിട്ടില്ല. കോളേജില്‍ പോകുന്ന വഴിക്ക് കെവിന്‍ ശല്യപ്പെടുത്തിയിരുന്നതായി നീനു പറഞ്ഞിട്ടുണ്ട്. അതിന് ശേഷം കെവിനെ കണ്ട്, മകളെ ശല്യപ്പെടുത്തരുതെന്ന് വിലക്കിയിരുന്നു. മകളുടെ സന്തോഷമായിരുന്നു തനിക്ക് വലുത്. ആരോടെങ്കിലും ഇഷ്ടമുണ്ടായിരുന്നെങ്കില്‍ വിവാഹം നടത്തിക്കൊടുക്കാമെന്ന് പറഞ്ഞിരുന്നതാണെന്നും അവര്‍ വെളിപ്പെടുത്തി.
നീനുവിനോട് അടുപ്പം കാണിക്കുന്നവരെ ഭയപ്പെടുത്താറുണ്ടായിരുന്നുവെന്ന ആരോപണം തെറ്റാണ്. നീനുവിന്റെ ഇരുപതാം പിറന്നാളിന് ഒരു സ്‌കൂട്ടി വാങ്ങിക്കൊടുത്തിരുന്നു. മറ്റൊരിക്കല്‍ ഡയമണ്ടിന്റെ മോതിരവും മാലയും വാങ്ങിക്കൊടുത്തു. ഇതൊന്നും ഇപ്പോള്‍ നീനുവിന്റെ കൈയില്‍ ഇല്ലെന്നും രഹ്ന പറഞ്ഞു. കെവിന്റെ വീട്ടില്‍ പോയിരുന്നു. അപ്പോള്‍ അവിടെ ആണുങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നത്. മകളെ ഒന്നു കാണാന്‍ സമ്മതിക്കണമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ വീട്ടുകാര്‍ അനുവദിച്ചില്ലെന്നും നീനു ഹോസ്റ്റലില്‍ ആണെന്നുമാണ് അവര്‍ പറഞ്ഞതെന്നും രഹ്ന അറിയിച്ചു.
നീനുവിന് മാനസിക പ്രശ്നങ്ങളുണ്ട്. അതറിയാവുന്നതു കൊണ്ടാണ് പൊലീസ് സ്റ്റേഷനില്‍ നിന്ന് കൊണ്ടുപോകാന്‍ ശ്രമിച്ചത്. മുമ്പ് നീനുവിനെ ചികിത്സയ്ക്കു കൊണ്ടുപോയിട്ടുണ്ടെന്നും രഹ്ന വ്യക്തമാക്കി.