കോട്ടയം: പ്രണയിച്ച് വിവാഹം ചെയ്തതിന്റെ പേരില്‍ ഭാര്യയുടെ ബന്ധുക്കള്‍ കാരണം കോട്ടയം മാന്നാനം സ്വദേശി കെവിന്‍ മരിക്കാനിടയായ സംഭവത്തിലെ പ്രതി പൊലീസ് നോക്കിനില്‍ക്കെ ബന്ധുക്കളുമായി വീഡിയോ കോളില്‍ സംസാരിച്ചത് അന്വേഷിക്കാന്‍ ഉത്തരവ്. കോട്ടയം എസ്പിയാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. സ്‌പെഷ്യല്‍ ബ്രാഞ്ചിനോട് 24 മണിക്കൂറിനകം അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്.
വെള്ളിയാഴ്ച ഏറ്റുമാനൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി വളപ്പില്‍ പൊലിസിന്റെ മുന്നില്‍ വാഹനത്തിലിരുന്ന് പ്രതിയായ ഷെഫിന്‍ ബന്ധുവിന്റെ മൊബൈല്‍ ഫോണിലൂടെ വീട്ടുകാരെ കണ്ടുസംസാരിച്ചത്. വെള്ളിയാഴ്ച്ച വൈകിട്ടു നാലരയ്ക്കായിരുന്നു പത്തു പ്രതികളെ കോടതിയില്‍ എത്തിച്ചത്. കോടതി വളപ്പില്‍ നില്‍ക്കുമ്പോള്‍ ബന്ധുവായ വനിത ഷെഫിനെ കാണാന്‍ എത്തി. ഷെഫിനോടു സംസാരിച്ചു തുടങ്ങിയ വനിത സ്വന്തം ഫോണില്‍ ഷെഫിന്റെ വീട്ടുകാരെ വിളിച്ചു. വനിതയുടെ കൈയിലുള്ള ഫോണിലൂടെ വാഹനത്തില്‍ ഇരുന്നു ഷെഫിന്‍ സംസാരിച്ചു. വീഡിയോ കോള്‍ പൊലിസ് ഉദ്യോഗസ്ഥര്‍ കണ്ടുനില്‍പ്പുണ്ടായിരുന്നു. കെവിനെയും അനീഷിനെയും തട്ടിക്കൊണ്ടു പോകാന്‍ ഉപയോഗിച്ച ഇന്നോവ കാറും പൊലീസ് കോടതിയില്‍ കൊണ്ടുവന്നിരുന്നു. ഇന്നോവ മഴകൊള്ളാതെ സൂക്ഷിക്കണമെന്നു പ്രതികള്‍ പറയുന്നതും കേള്‍ക്കാമായിരുന്നു.