കോട്ടയം: കെവിന്‍ വധക്കേസില്‍ ഇന്ന് ആറ് സാക്ഷികളെ കൂടി വിസ്തരിക്കും. കെവിന്റെ ജാതി തെളിയിക്കുന്ന രേഖകളുടെ പരിശോധന ഉള്‍പ്പെടെയാണ് ഇന്ന് നടക്കുക. ജാതി സര്‍ട്ടിഫിക്കറ്റ് നല്‍കിയ തഹസില്‍ദാര്‍ കോടതിയില്‍ ഹാജരായി മൊഴി നല്‍കും.
പിന്നാക്ക വിഭാഗത്തില്‍ പെട്ട കെവിനെ വിവാഹം ചെയ്താല്‍ അഭിമാനം നഷ്ടപ്പെടുമെന്ന് പിതാവ് പറഞ്ഞതായി നീനു വിചാരണ കോടതിയില്‍ മൊഴി നല്‍കിയിരുന്നു. ദുരഭിമാനക്കൊലയെന്ന പ്രോസിക്യൂഷന്‍ വാദത്തിന് ബലം നല്‍കുന്ന രേഖയുടെ ആധികാരികതയിലാണ് തഹസില്‍ദാര്‍ വ്യക്തത നല്‍കുക.
അതേസമയം കേസ് വിചാരണക്കിടെ രണ്ട് സാക്ഷികള്‍ കൂടി കൂറുമാറിയിരുന്നു. കേസിലെ 27-ാം സാക്ഷി അലന്‍, 98-ാം സാക്ഷി സുലൈമാന്‍ എന്നിവരാണ് മൊഴിമാറ്റിയത്. കേസില്‍ ഇതുവരെ അഞ്ച് സാക്ഷികള്‍ മൊഴിമാറ്റിപ്പറഞ്ഞു.
പുനലൂര്‍ നെല്ലിപ്പള്ളി പെട്രോള്‍ പമ്പില്‍വെച്ച് ചാക്കോ ഒഴികെയുള്ള പ്രതികള്‍ കാറിലെത്തി പെട്രോള്‍ അടിച്ചു. ശേഷം പമ്പിന്റെ ഒഴിഞ്ഞ ഭാഗത്തുനിന്ന് ഗൂഢാലോചന നടത്തി. അതിന് ശേഷം കോട്ടയം ഭാഗത്തേക്ക് പോയി എന്നുമായിരുന്നു കേസിലെ 27ാം സാക്ഷി അലന്റെ മൊഴി. എന്നാല്‍ ഇന്ന് കോടതില്‍ ഇയാള്‍ മൊഴി മാറ്റിപറയുകയായിരുന്നു. എട്ടാം പ്രതി നിഷാദിന്റെ വീട്ടില്‍ നിന്ന് ഫോണ്‍ വീണ്ടെടുക്കുന്നത് കണ്ടുവെന്നായിരുന്നു സുലൈമാന്റെ മൊഴി. നേരത്തെ പോലീസിന് നല്‍കിയ മൊഴി സുലൈമാനും മാറ്റിപ്പറയുകയായിരുന്നു.