ലണ്ടന്‍ : ഇംഗ്ലണ്ട് ടീമില്‍ നിന്നും ഏറെ നാളായി പുറത്തായ കെവിന്‍ പീറ്റേഴ്‌സണ്‍ ദക്ഷിണാഫ്രിക്കയ്ക്കായി കളിക്കാനൊരുങ്ങുന്നു.
നാച്ച് വെസ്റ്റ് ട്വന്റി20 ബ്ലാസ്റ്റില്‍ സറേയ്ക്കായി തകര്‍പ്പന്‍ അര്‍ധ സെഞ്ച്വറി നേടിയതിന് പിന്നാലെയാണ് 37കാരനായ പീറ്റേഴ്‌സണ്‍ ഇക്കാര്യത്തെ കുറിച്ച് തുറന്ന് പറഞ്ഞത്.
നിലവിലെ ഐസിസി നിയമ പ്രകാരം 2019ല്‍ പീറ്റേഴ്‌സണ് ദക്ഷിണാഫ്രിക്കന്‍ ടീമില്‍ കളിക്കാനാകും. ഇതോടെ 2019ലെ ഏകദിന ലോകകപ്പില്‍ പീറ്റേഴ്‌സണ്‍ ദക്ഷിണാഫ്രിക്കയ്ക്കായി ജഴ്‌സി അണിയുമോയെന്ന ആകാംക്ഷയിലാണ് ക്രിക്കറ്റ് ലോകം.
‘നിങ്ങള്‍ എനിക്കാവശ്യമുളള രണ്ട് വര്‍ഷത്തെ സമയത്തെ കുറിച്ചാണ് സംസാരിക്കുന്നത്. നമുക്ക് കാത്തിരിക്കാം ഞാനെവിടെ ആയിരിക്കുമെന്നറിയാന്‍. അടുത്ത രണ്ട് വര്‍ഷം ദക്ഷിണാഫ്രിക്കയില്‍ കൂടുതല്‍ ക്രിക്കറ്റ് കളിക്കാനാണ് ഞാന്‍ ആലോചിക്കുന്നതെന്നും’ കെപി പറയുന്നു.
ബാറ്റ് ചെയ്യുന്നത് ഞാന്‍ ഇഷ്ടപ്പെടുന്നു, കഴിയുമെങ്കില്‍ ഏറെ കാലം കൂടി ഞാന്‍ ബാറ്റ് ചെയ്യും, ബാറ്റിങ് എന്ന കലയെ അത്രമേല്‍ ഞാന്‍ ഇഷ്ടപ്പെടുന്നു. എന്നാല്‍ എനിക്കിപ്പോള്‍ പ്രായമേറി വരുകയാണ്, മുട്ടുവേദന തുടങ്ങി, നന്നായി ഫീല്‍ഡ് ചെയ്യാനും ആകുന്നില്ല, ആര്‍ക്കറിയാം രണ്ട് വര്‍ഷം എനിക്ക് എങ്ങനെ കളിക്കാനാകുമെന്ന്?
രണ്ട് വര്‍ഷത്തിനിപ്പുറവും എനിക്ക് ബാറ്റിംങ് ചെയ്യാന്‍ സാധിക്കുകയാണെങ്കില്‍, ഏറെ സന്തോഷകരമായ ഒരു സ്ഥാനത്ത് നിങ്ങള്‍ക്ക് എന്നെ കാണാന്‍ കഴിയുമെന്നും കെപി കൂട്ടിച്ചേര്‍ത്തു.
ഇംഗ്ലീഷ് ക്രിക്കറ്റ് അധികൃതരുമായി കലഹിച്ചതിനെ തുടര്‍ന്നാണ് പീറ്റേഴ്‌സണ്‍ ദേശീയ ടീമില്‍ നിന്നും പുറത്തായത്. 2014ലെ ആഷസ്സിലാണ് പീറ്റേഴ്‌സണ്‍ അവസാനമായി ഇംഗ്ലീഷ് ടീമിന്റെ ജെഴ്‌സി അണിഞ്ഞത്.