കോട്ടയം: രക്ഷപ്പെടുന്നതിനിടയില്‍ കെവിന്‍ വെള്ളത്തില്‍ വീണതാണെന്ന പ്രതികളുടെ വാദം തള്ളി പൊലീസ്. കെവിന്റേത് മുങ്ങിമരണമാണെന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ ഇക്കാര്യം പൊലീസ് അന്വേഷിക്കും. കെവിനെ മുക്കികൊന്നതാകാമെന്നാണ് പ്രാഥമിക നിഗമനം. ഇതിനുള്ള സാഹചര്യ തെളിവുകളും പരിശോധിക്കുന്നതാണ്.
കെവിന്റേത് മുങ്ങിമരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക നിഗമനം. ശരീരത്തിലെ പരുക്കുകള്‍ മരണകാരണമായിട്ടില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കെവിന്റെ ആന്തരിക അവയവങ്ങള്‍ക്ക് ക്ഷതമേറ്റിട്ടുണ്ട്. ശശീരത്തില്‍ ഇരുപതിലധികം മുറിവുകള്‍ ഉണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാകുന്നു.
മര്‍ദിച്ച് വെള്ളത്തില്‍ ഇട്ടതാണോ, അതോ ആക്രമിസംഘം ഓടിച്ചപ്പോള്‍ വെള്ളത്തില്‍ വീണതാണോ എന്ന് വ്യക്തമല്ല. ആന്തരികാവയവങ്ങളുടെ പരിശോധനയ്ക്ക് ശേഷമായിരിക്കും അന്തിമ റിപ്പോര്‍ട്ട് നല്‍കുന്നത്.