കെവിന്റെ മരണം നാണം കെട്ട രാഷ്ട്രീയക്കളി, ചെങ്ങന്നൂരില്‍ മുതലെടുപ്പിന് രക്തസാക്ഷി !

കോട്ടയം: പ്രണയ വിവാഹത്തില്‍ കലിപൂണ്ട് യുവതിയുടെ ബന്ധുക്കള്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തില്‍ രാഷ്ട്രീയ നേട്ടത്തിന് ശ്രമിച്ച് പ്രതിപക്ഷം. ലോക്കല്‍ പൊലീസിലെ ചിലരുടെ ഭാഗത്തു നിന്നും വന്ന വീഴ്ച മുഖ്യമന്ത്രിയുടെയും സര്‍ക്കാറിന്റെയും തലയില്‍ കെട്ടിവെച്ച് രൂക്ഷമായ കടന്നാക്രമണമാണ് പ്രതിപക്ഷം ഇന്നു നടത്തിയത്.

ചെങ്ങന്നൂരില്‍ വോട്ടെടുപ്പ് പുരോഗമിക്കവെ ആസൂത്രിതമായി കോട്ടയം ഗാന്ധിനഗര്‍ പൊലീസ് സ്റ്റേഷനു മുന്നില്‍ മുന്‍ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തന്നെ ഉപവാസം തുടങ്ങിയതും കോണ്‍ഗ്രസ്സ് നേതൃത്വത്തിന്റെ നിര്‍ദ്ദേശ പ്രകാരമാണ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സ്ഥലത്ത് കുത്തിയിരുപ്പ് സമരം നടത്തി. സംഭവം നടക്കുന്നത് കോട്ടയം ജില്ലയിലാണെങ്കിലും ചെങ്ങന്നൂരില്‍ വോട്ട് ചെയ്യാനെത്തുന്നവര്‍ക്കു മുന്നില്‍ ഇക്കാര്യം വ്യാപകമായി യു.ഡി.എഫും ബി.ജെ.പിയും പ്രചരിപ്പിച്ചു. സി.പി.എമ്മിനും സര്‍ക്കാറിനും എതിരെയായിരുന്നു പ്രചരണം. ആടി നില്‍ക്കുന്ന വോട്ടര്‍മാരുടെ മനസ്സ് ‘ഉറപ്പിക്കുകയായിരുന്നു ലക്ഷ്യം.

പ്രതികളിൽ ഡി.വൈ.എഫ്.ഐ ബന്ധം ആരോപിച്ച കോൺഗ്രസ്സ് നേതൃത്വം യഥാർത്ഥത്തിൽ കെവിന്റെ ഭാര്യ നീനുവിന്റെ പിതാവ് ചാക്കോ, സഹോദരൻ ഷാനു ചാക്കോയും കോൺഗ്രസ്സ് പ്രവർത്തകരാണ് എന്നത് മനഃപൂർവ്വം മറച്ചു വച്ചു. നീനുവിന്റെ അമ്മയുടെ കുടുംബവും കോൺഗ്രസ്സ് പ്രവർത്തകരാണ്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി ഡി.വൈ.എഫ്.ഐ പ്രവർത്തകർ രംഗത്തു വന്നതോടെ കോൺഗ്രസ്സിപ്പോൾ വെട്ടിലായിട്ടുണ്ട്.

ഇതിനിടെ കൊല ചെയ്യപ്പെട്ട കെവിന്‍ ജോസഫിനെ തട്ടിക്കൊണ്ടു പോയ കേസില്‍ കൈക്കൂലി വാങ്ങി അന്വേഷണം വൈകിപ്പിച്ച പൊലീസുകാരുടേത് മാപ്പര്‍ഹിക്കാത്ത തെറ്റാണെന്ന് തിരുവഞ്ചൂര്‍ രാധാകൃഷണന്‍ ആരോപിച്ചു. ഈ കാര്യങ്ങള്‍ എല്ലാം വലിയ പ്രാധാന്യത്തോടെയാണ് ഇപ്പോള്‍ ചാനലുകളിലും സോഷ്യല്‍ മീഡിയകളും ചര്‍ച്ച ചെയ്യുന്നത്. ഇടതു പക്ഷം വിജയിക്കുമെന്ന് ഉറപ്പിച്ച ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ അവസാന നിമിഷം പിടിച്ചു കയറാന്‍ യുവാവിന്റെ മരണത്തെ ഉപയോഗപ്പെടുത്തുന്ന പ്രതിപക്ഷ നീക്കം വിലപോവില്ലന്ന നിലപാടിലാണ് സി.പി.എം. പ്രതികളെ മുഴുവന്‍ പിടികൂടി നിയമത്തിനു മുന്നില്‍ കൊണ്ടുവരിക തന്നെ ചെയ്യുമെന്നും ഇക്കാര്യത്തില്‍ ഒരു ആശങ്കയും ആര്‍ക്കും വേണ്ടന്ന് സര്‍ക്കാറും അറിയിച്ചിട്ടുണ്ട്.

കെവിന്‍ കൊല്ലപ്പെട്ട സംഭവം നിര്‍ഭാഗ്യകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സാധാരണ ഗതിയില്‍ നമ്മുടേതു പോലെയൊരു സംസ്ഥാനത്ത് സംഭവിക്കാന്‍ പാടില്ലാത്തതാണ് സംഭവിച്ചതെന്നും വലിയ കാലതാമസമില്ലാതെ പ്രതിയെ പിടിക്കാന്‍ കഴിയുമെന്നാണു പ്രതീക്ഷയെന്നും പൊലീസ് കാണിക്കേണ്ട ജാഗ്രത പൊലീസ് കാണിക്കണമെന്നും അതിലേക്ക് മുഖ്യമന്ത്രിയെ വലിച്ചിഴയ്‌ക്കേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കിയതുകൊണ്ട് ഗുണ്ടകള്‍ക്ക് അഴിഞ്ഞാടാമെന്നാണ് ചില മാധ്യമങ്ങളുടെ കണ്ടുപിടിത്തം. ഇത് അത്യന്തം ദൗര്‍ഭാഗ്യകരമാണ്. ഇത്തരം സംഭവങ്ങളില്‍ പൊലീസ് കാട്ടേണ്ട ജാഗ്രത അവര്‍ തന്നെ കാട്ടണം. അല്ലാതെ മുഖ്യമന്ത്രിയുടെ യാത്രയ്ക്ക് ഇതില്‍ ഒരു കാര്യവുമില്ല. മുഖ്യമന്ത്രിക്ക് സുരക്ഷയൊരുക്കേണ്ട ചുമതല എസ്‌ഐയ്ക്കല്ലെന്നും അതിന് പ്രത്യേക സംഘവും സംവിധാനങ്ങളുമുണ്ടെന്ന് അദ്ദേഹം ചൂണ്ടികാട്ടി. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുകയാണ് പൊലീസിന്റെ ചുമതലയെന്നും മുഖ്യമന്ത്രി
പറഞ്ഞു.

പ്രായപൂര്‍ത്തിയായ ഒരു ചെറുപ്പക്കാരനും ചെറുപ്പക്കാരിയും വിവാഹം കഴിക്കാന്‍ തീരുമാനിച്ചു. അതില്‍ യുവതിയുടെ സഹോദരനും വീട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും എതിര്‍പ്പുണ്ടായിരുന്നു എന്നാണ് അറിയുന്നത്. അതിന്റെ ഭാഗമായി നടന്ന സംഭവങ്ങളാണ് ഇതെല്ലാം. കുറച്ചുപേര്‍ ചേര്‍ന്ന് ആ ചെറുപ്പക്കാരന തട്ടിക്കൊണ്ടുപോവുകയായിരുന്നു. സംഭവം അറിഞ്ഞശേഷം ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ ഡിജിപിക്ക് പ്രത്യേകം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കോട്ടയത്തും കൊല്ലത്തും രണ്ടു പൊലീസ് സംഘങ്ങള്‍ വീതം മുഴുവന്‍ പ്രതികളെയും പിടികൂടാന്‍ ശ്രമം നടത്തുന്നുണ്ട്. ഇതിനു പുറമെ സംഭവത്തെക്കുറിച്ച് പൊലീസിന്റെ പ്രത്യേക സംഘം അന്വേഷണം നടത്തുമെന്നും പിണറായി അറിയിച്ചു.

Top