കോട്ടയം: കെവിനെ പുഴയില്‍ മുക്കി കൊന്നതാണെന്ന് ഫോറന്‍സിക് വിദഗ്ധരുടെ മൊഴി. മുങ്ങുന്ന സമയം കെവിന് ബോധമുണ്ടായിരുന്നെന്നും ഫോറന്‍സിക് വിദഗ്ധര്‍ വിചാരണക്കോടതിയില്‍ മൊഴി നല്‍കി. ശ്വാസകോശത്തിലെ വെള്ളത്തിന്റെ അളവ് ചൂണ്ടിക്കാട്ടിയാണ് മൊഴി.
കെവിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മുങ്ങിമരണം എന്നാണ് രേഖപ്പെടുത്തിയിരുന്നത്. ഇത് വിശദമാക്കി കൊണ്ടാണ് ഫോറന്‍സിക് വിദഗ്ധര്‍ ഇന്ന് കോടതിയില്‍ മൊഴി നല്‍കിയത്. കെവിന്റെ ശ്വാസകോശത്തില്‍ കണ്ടെത്തിയ വെള്ളത്തിന്റെ അളവാണ് ഒരു കാരണം. ബോധത്തോടെ ഒരാളെ മുക്കിയാല്‍ മാത്രമായിരിക്കും ഇത്രയും വെള്ളം ഒരാളുടെ ശ്വാസകോശത്തില്‍ കയറൂവെന്നാണ് ഫോറന്‍സിക് സംഘം വ്യക്തമാക്കിയത്.
അരക്കൊപ്പം വെള്ളം മാത്രമേ സ്ഥലത്തുള്ളൂവെന്നും ഇവിടെ ബോധത്തോടെ ഒരാള്‍ വീണാല്‍ ഇത്രയും വെള്ളം ശ്വാസകോശത്തില്‍ കയറില്ലെന്ന് സ്ഥലം സന്ദര്‍ശിച്ച ഫോറന്‍സിക് സംഘം മൊഴി നല്‍കി. കേസില്‍ ഈ മൊഴി ഏറെ നിര്‍ണായകമാണ്.