തിരുവനന്തപുരം: കെവിന്റെ മരണത്തിന് ഇടയാക്കിയ ഗുരുതര കൃത്യവിലോപം കാട്ടിയ പെലീസുദ്യോഗസ്ഥരെ സര്‍വ്വീസില്‍ നിന്നു തന്നെ പിരിച്ചുവിടണമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ എറണാകുളം റേഞ്ച് ഐ.ജി വിജയ് സാഖറെ.
വരാപ്പുഴ ശ്രീജിത്ത് കസ്റ്റഡി മരണക്കേസില്‍ ഉത്തരവാദിയായ ഉദ്യോഗസ്ഥനെ സംരക്ഷിച്ച് അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് ഐ.ജി ശ്രീജിത്ത് . ഒരേ ബാച്ചുകാരായ ഐ.പി.എസുകാരുടെ നടപടികളിലെ ഈ വൈരുദ്ധ്യമാണ് ഇപ്പോള്‍ പൊലീസ് സേനക്കകത്തും പുറത്തും ചര്‍ച്ച ചെയ്യപ്പെടുന്നത്.
കെവിനെ തട്ടിക്കൊണ്ടുപോയ വിവരം ഗാന്ധിനഗര്‍ എസ്.ഐ എം.എസ് ഷിബു മറച്ചു വെച്ചത് 14 മണിക്കൂര്‍ ആണെന്നാണ് ഐ.ജി ഡി.ജി.പിക്ക് നല്‍കിയ റിപ്പോര്‍ട്ട്. മെയ് 27ഞായറാഴ്ച രാവിലെ ആറിനു വിവരം അറിഞ്ഞിട്ടും രാത്രി എട്ടിനുമാത്രമാണ് അന്വേഷണം തുടങ്ങിയതെന്നും ഐ.ജിയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.
എസ്.ഐ, എ.എസ്.ഐ, ഡ്രൈവര്‍ എന്നിവരെ സര്‍വ്വീസില്‍ നിന്നു തന്നെ പിരിച്ചുവിടുന്നതടക്കമുള്ള കാര്യങ്ങളാണ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആഭ്യന്തര വകുപ്പ് പരിശോധിക്കുന്നത്. കെവിന്‍ വധക്കേസിലെ നിയമനടപടികള്‍ പുരോഗമിക്കുന്നത് ഇങ്ങനെയാണ്.
എന്നാല്‍ ഏപ്രില്‍ 9ന് നടന്ന വരാപ്പുഴ ശ്രീജിത്ത് വധക്കേസില്‍ പ്രതിയായി ജയിലിലടക്കപ്പെട്ട എസ്.ഐ ഇപ്പോള്‍ ജാമ്യത്തിലാണ്. സി.ഐക്കാവട്ടെ അറസ്റ്റിലായ ഉടനെ തന്നെ നേരത്തെ ജാമ്യം ലഭിക്കുകയും ചെയ്തിരുന്നു. അന്വേഷണ സംഘം കര്‍ശന നടപടി സ്വീകരിക്കാതിരുന്നതിനാലാണ് ഇവര്‍ക്ക് ജാമ്യം ലഭിച്ചതെന്നാണ് നിയമ വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നത്.
ശ്രീജിത്തിന്റെ കസ്റ്റഡി മരണം പൊലീസ് നേരിട്ട് നടത്തിയ കൃത്യമാണ്. കെവിന്റെ മരണമാകട്ടെ പൊലീസ് സന്ദര്‍ഭത്തിന് അനുസരിച്ച് നടപടി സ്വീകരിക്കാതിരുന്നത് കൊണ്ട് സംഭവിച്ചതുമാണ്. എന്നിട്ടും അന്വേഷണ ഉദ്യോഗസ്ഥനായ വിജയ് സാക്കറെ ശക്തമായ നടപടികളാണ് കെവിന്‍ കേസില്‍ നിലവില്‍ സ്വീകരിച്ചു വരുന്നത്. സര്‍വ്വീസില്‍ നിന്നു തന്നെ പുറത്താക്കാനുള്ള നീക്കം സേനയെ തന്നെ ഞെട്ടിച്ചിട്ടുണ്ട്.
അതേ സമയം പൊലീസ് ആളുമാറി പിടിച്ചു കൊണ്ടുപോയി തല്ലിക്കൊന്ന ശ്രീജിത്ത് കസ്റ്റഡി മരണത്തില്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന മുന്‍ റൂറല്‍ എസ്.പി എ.വി.ജോര്‍ജിനെ ഇതുവരെ ഈ കേസില്‍ പ്രതിയാക്കാന്‍ ക്രൈംബ്രാഞ്ച് ഐ.ജി തയ്യാറായിട്ടില്ല.
ഒരു കേസില്‍ അന്വേഷണ ഉദ്യോഗസ്ഥന് തെളിവുണ്ടെങ്കില്‍ ഏത് വമ്പനെ പ്രതിചേര്‍ക്കാനും മുകളില്‍ നിന്നും ഉത്തരവ് വേണ്ടന്നിരിക്കെ പൊതു സമൂഹത്തെ വിഡ്ഢികളാക്കുകയാണ് ക്രൈംബ്രാഞ്ച് സംഘം ഇപ്പോള്‍ ചെയ്യുന്നത്. ഈ വാക്കുകള്‍ വിശ്വസിച്ച് ‘വീരശൂരപരാക്രമികള്‍’ ആയ മാധ്യമ പ്രവര്‍ത്തകരും ഏതാണ്ട് നിശബ്ദരാണ്.
എന്തിനും ഏതിനും ആരെയും ചാനല്‍ സ്റ്റുഡിയോയില്‍ ഇട്ട് ‘കീറി’ മുറിക്കുന്നവരെ നിശബ്ദരാക്കിയത് കാലു പിടിച്ചിട്ടാണെങ്കിലും ആ ‘ കഴിവിനെ’സമതിച്ച് കൊടുക്കണമെന്നാണ് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകര്‍ തന്നെ ഇപ്പോള്‍ പറയുന്നത്. ഈ കണ്ണീരിന്റയും കാലുപിടുത്തത്തിന്റെയും അടവു നയം രാഷ്ട്രിയക്കാര്‍ സ്വീകരിച്ചിരുന്നുവെങ്കില്‍ മാധ്യമ ‘ആക്രമണത്തില്‍’ നിന്നും രക്ഷപ്പെടുമായിരുന്നുവോ എന്ന ചോദ്യവും അവര്‍ ഉയര്‍ത്തുന്നു.
വരാപ്പുഴ കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്റെ ക്രിമിനല്‍ പശ്ചാത്തലം ചൂണ്ടിക്കാട്ടി അദ്ദേഹത്തെ മാറ്റണമെന്ന് പരസ്യമായി ആവശ്യപ്പെട്ട ഉന്നത നേതാവിനെ തേടി എത്തിയ ‘യാചിക്കുന്ന’ കോള്‍ ഇപ്പോഴും അദ്ദേഹം റെക്കോര്‍ഡ് ചെയ്ത് സൂക്ഷിച്ചുവച്ചിട്ടുണ്ടത്രെ.
ശ്രീജിത്തിന്റെ കുടുംബവും അന്വേഷണ ഉദ്യോഗസ്ഥനെ ആദ്യം മാറ്റണമെന്ന് പരസ്യമായി ആവശ്യപ്പെട്ടപ്പോള്‍ അവരെയും അനുനയിപ്പിക്കാന്‍ നീക്കങ്ങളുണ്ടായി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞത് പോലെ ‘മുകളില്‍’ നിന്നും സമ്മതിക്കുന്നില്ല എന്നായിരുന്നുവത്രെ മറുപടി.
കേസന്വേഷണത്തില്‍ മേലുദ്യോഗസ്ഥന്റെ പോലും സമ്മര്‍ദ്ദത്തിനു വഴങ്ങാതെ നടപടി സ്വീകരിച്ച് മുന്നോട്ടു പോകാന്‍ അന്വേഷണ ഉദ്യോഗസ്ഥന് അധികാരമുണ്ടെന്ന സുപ്രീം കോടതിയുടെ വിധികള്‍ നിലനില്‍ക്കെയാണ് ഈ വാദം.
ശ്രീജിത്ത് കസ്റ്റഡി മരണ കേസില്‍ മേല്‍നോട്ടത്തിലും കൃത്യനിര്‍വ്വഹണത്തിലും ഗുരുതര വീഴ്ച വരുത്തിയ ആലുവ ഡി.വൈ.എസ്.പിക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാന്‍ റിപ്പോര്‍ട്ട് നല്‍കിയ അന്വേഷണ ഉദ്യോഗസ്ഥന്‍ റൂറല്‍ എസ്.പിയെ പ്രതിയാക്കണമോ എന്നത് സംബന്ധിച്ച് ‘നിയമോപദേശം’ ചോദിച്ച് കാത്തിരിക്കുകയാണ് ഇപ്പോഴുമത്രെ !
മൂന്നുവട്ടമാണ് എസ്.പി ജോര്‍ജിനെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നത്. ഇത് പ്രഹസനമായിരുന്നുവെന്നാണ് ഇപ്പോള്‍ ഉയരുന്ന ആരോപണം.
കൊല്ലപ്പെട്ട ശ്രീജിത്തിനെ പിടിച്ച വിവരം വയര്‍ലെസ് സെറ്റിലൂടെ അറിഞ്ഞപ്പോള്‍ എസ്.പി ‘ വെരി ഗുഡ്’ എന്നു പ്രശംസിക്കുകയും കേസില്‍ ഉള്‍പ്പെട്ട പൊലീസുകാരെ ന്യായീകരിക്കുകയും ചെയ്തിരുന്നു.
ഈ ഉദ്യോഗസ്ഥന്‍ നിയമവിരുദ്ധമായി രൂപീകരിച്ച ‘ടൈഗര്‍ ഫോഴ്‌സ്’ പൊലീസ് സംഘമാണ് ലോക്കല്‍ പൊലീസിനെ മറികടന്ന് ശ്രീജിത്തിനെ പിടികൂടിയത്. കസ്റ്റഡി മരണത്തിന് ശേഷവും ആളുമാറിയല്ല ശ്രീജിത്തിനെ പിടിച്ചതെന്ന് എസ്.പി പരസ്യമായി പറഞ്ഞിരുന്നു. പ്രതികളായ പൊലീസുകാര്‍ നല്‍കിയ മൊഴികളും എസ്.പിക്ക് എതിരാണ്.
ചെറിയ കേസുകളില്‍ പോലും ഒരു മൊഴിയുടെയും ‘സാഹചര്യ’ തെളിവുകളുടെയും അടിസ്ഥാനത്തില്‍ ആളുകളെ പ്രതികളാക്കുന്ന നാട്ടിലാണ് ഇപ്പോള്‍ കസ്റ്റഡിയില്‍ തല്ലിക്കൊന്ന കേസില്‍ നിയമലംഘകന്‍ സംരക്ഷിക്കപ്പെടുന്നത്.
റിപ്പോര്‍ട്ട്: എം വിനോദ്