Key Change In Army Deployment In Kashmir Valley

ശ്രീനഗര്‍: സംഘര്‍ഷം തുടരുന്ന ജമ്മു കശ്മീരില്‍ കരസേനയുടെ സാന്നിധ്യം വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍.

നിലവില്‍ അര്‍ധസൈനിക വിഭാഗങ്ങളെ വിന്യസിച്ചിരിക്കുന്ന ദക്ഷിണ കശ്മീരിലെ കൂടുതല്‍ പ്രശ്‌ന ബാധിതമായ സ്ഥലങ്ങളിലാണ് കരസേനയെ വിന്യസിക്കുക.

നൂറ് ജവാന്‍മാരെ വീതം പ്രദേശത്തെ വിവിധ മേഖലകളില്‍ വിന്യസിച്ചേക്കും. എന്‍.ഡി.ടി.വിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഗ്രാമീണ മേഖലകളിലാകും കരസേനയെ വിന്യസിക്കുകയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. വിഘടനവാദികള്‍ക്കും പ്രക്ഷോഭകര്‍ക്കും ശക്തമായ മുന്നറിയിപ്പ് നല്‍കുന്നതിന്റെ ഭാഗമായാണ് നടപടി.

സംഘര്‍ഷത്തിന്റെ മറവില്‍ നുഴഞ്ഞുകയറുന്ന ഭീകരര്‍ ഗ്രാമീണ മേഖലകളിലാണ് ഒളിവില്‍ കഴിയുന്നത്. ഇവരെ നേരിടുക എന്നതാണ് സേനാ സാന്നിധ്യം വര്‍ധിപ്പിക്കാനുള്ള തീരുമാനത്തിന് പിന്നിലുള്ള പ്രധാന ഉദ്ദേശം. പ്രക്ഷോഭകാരികളോട് ഇനി മൃദുസമീപനമില്ല എന്ന് വ്യക്തമാക്കുന്ന രീതിയില്‍ യന്ത്രത്തോക്കുകളുമായാണ് സൈന്യം പെട്രോളിങ് നടത്തുക.

നിലവില്‍ അപകടം കുറഞ്ഞ പെല്ലറ്റ് തോക്കുകളാണ് സംഘര്‍ം തടയാന്‍ അര്‍ധസൈനിക വിഭാഗങ്ങള്‍ ഉപയോഗിക്കുന്നത്.

സൈനിക വിന്യാസത്തോടെ മേഖലയിലെ പൊലീസ്, അര്‍ധ സൈനിക വിഭാഗങ്ങള്‍ എന്നിവയുടെ പ്രസക്തി കുറയ്ക്കും. സൈന്യത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലായിരിക്കും ക്രമസമാധാന പാലനം നടക്കുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ആര്‍മി തലവന്‍ ജനറല്‍ ദല്‍ബീര്‍ സിങ് സുഹാബ് ഇന്ന് നടത്തുന്ന കശ്മീര്‍ സന്ദര്‍ശനത്തിന് പിന്നാലെ കടുത്ത നിലപാടുകളിലേക്ക് സൈന്യം നീങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ജെയ്‌ഷെ മുഹമ്മദ് ഭീകരനായ ബുര്‍ഹാന്‍ വാനിയെ സൈനിക നടപടിയിലൂടെ വദ്ധിച്ചതിനെ തുടര്‍ന്നാണ് കശ്മീരില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്.

Top