കൊച്ചിയിലെ ഷോപ്പിങ് മാളുകളില്‍ ഭീകരാക്രമണ മുന്നറിയിപ്പ്; ജാഗ്രതാ നിര്‍ദേശം…

തിരുവനന്തപുരം: കൊച്ചിയെ ഭീതിയിലഴ്ത്തി വീണ്ടും ഭീകരാക്രമണ മുന്നറിയിപ്പ്. കൊച്ചിയിലെ ഷോപ്പിങ് മാളുകളെ ഇസ്ലാമിക് സ്റ്റേറ്റ് ലക്ഷ്യംവച്ചേക്കുമെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ട് പുറത്തു വന്നു.

കൊച്ചിയിലെ ഷോപ്പിങ് മാളുകള്‍ പ്രധാനപ്പെട്ട കേന്ദ്രങ്ങള്‍ എന്നിവിടങ്ങള്‍ ആക്രമണങ്ങള്‍ക്കായി ഐഎസ് തിരഞ്ഞെടുത്തേക്കാമെന്നാണ് വിവരം. ഇക്കാര്യങ്ങള്‍ വിവരിക്കുന്ന കത്ത് ഇന്റലിജന്‍സ് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറി.

ഐഎസ് ഭീകരവാദികള്‍ ഇന്ത്യന്‍ മഹാസമുദ്രമേഖലകളെ ലക്ഷ്യം വെച്ചിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ മുമ്പും പുറത്തു വന്നിട്ടുണ്ട്. ഐഎസില്‍ ചേര്‍ന്നിട്ടുള്ളവരെ അതാത് രാജ്യങ്ങളില്‍ തിരികെ എത്തിച്ച് ആക്രമണം നടത്തുകയെന്നതാണ് ഐഎസിന്റെ പുതിയ ലക്ഷ്യം.

കഴിഞ്ഞ വര്‍ഷങ്ങളില്‍ കേരളത്തില്‍നിന്നും 100 പേരെങ്കിലും ഐഎസില്‍ ചേരാന്‍ താല്‍പര്യപ്പെട്ടിരുന്നുവെന്നും 21 കൗണ്‍സിലിങ് സെന്ററുകളിലായി 3000 േപരെ തീവ്രചിന്താഗതിയില്‍ നിന്നും മോചിപ്പിച്ചതായും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇവരില്‍ ഏറെയും വടക്കന്‍ കേരളത്തില്‍ നിന്നാണ്. ഇവരെ നിരീക്ഷിച്ചു വരുന്നതായും അധികൃതര്‍ പറഞ്ഞു. തീവ്രചിന്താഗതിക്കാരായ 30 പേരെ നിരീക്ഷിച്ചുവരുന്നതായി പൊലീസ് വ്യക്തമാക്കി.

ഐഎസിന്റെ പുതിയ നീക്കവുമായി ബന്ധപ്പെട്ട് മൂന്ന് കത്തുകളാണ് പോലീസിന് ഇന്റലിജന്‍സ് കൈമാറിയിരിക്കുന്നത്. ഇതിലൊന്നിലാണ് കൊച്ചിയില്‍ ഭീകരാക്രമണത്തിന് സാധ്യത ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ഇന്ത്യയും ശ്രീലങ്കയുമാണ് ഇപ്പോള്‍ ഭീകരരുടെ പുതിയ ആക്രമണ ലക്ഷ്യങ്ങള്‍. കേരളത്തില്‍ നിന്ന് നൂറോളം പേരാണ് ഐഎസ് ആശയങ്ങളില്‍ ആകൃഷ്ടരായി രാജ്യം വിട്ടത്.

ഐഎസുമായി ബന്ധപ്പെട്ട സൈബര്‍ പ്രവര്‍ത്തനങ്ങള്‍ രാജ്യത്ത് ഇപ്പോള്‍ സജീവമാണ്. അതിനാല്‍ എപ്പോള്‍ വേണമെങ്കിലും ആക്രമണമുണ്ടായേക്കാമെന്നാണ് മുന്നറിയിപ്പ്.

Top