കോട്ടയം: സംസ്ഥാനത്തെ വ്യവസായ മേഖലക്ക് ആയിരം കോടി രൂപയുടെ പുതിയ വായ്പകൾ അവതരിപ്പിച്ച് കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ. ഇതുവരെ ഈ വർഷം വിതരണം ചെയ്തത് 2450 കോടി രൂപയാണ്. കഴിഞ്ഞ വർഷം മൊത്തത്തിൽ 1446 കോടി രൂപ വിതരണം ചെയ്ത സ്ഥാനത്ത്, ഈ വർഷം ഇതോടെ വിതരണം ചെയ്യുന്ന വായ്പാ തുക 3450 കോടി രൂപ ആകുമെന്ന് കെ.എഫ്.സി ചെയർമാനും മാനേജിങ് ഡയറക്ടറുമായ ടോമിൻ ജെ. തച്ചങ്കരി ഐ.പി.എസ് അറിയിച്ചു. ബാങ്കുകളും മറ്റു ധനകാര്യ സ്ഥാപനങ്ങളും കോവിഡിന്റെ പശ്ചാത്തലത്തിൽ, ഉദാരമായ വായ്പകൾ നൽകാൻ മടിച്ചു നിൽക്കുന്നിടത്താണ് കെ.എഫ്.സിയുടെ ഈ ആകർഷക നീക്കം.
ബാങ്കുകൾ പ്രാഥമിക ഈടു കൂടാതെ കൊളാട്ടെറൽ സെക്യൂരിറ്റി കൂടി വാങ്ങുമ്പോൾ, കെ.എഫ്.സി കൊളാട്ടെറൽ സെക്യൂരിറ്റി വാങ്ങുന്നില്ല. അതിനാൽ ഈട് കുറവുള്ള സംരംഭകർക്കും എളുപ്പത്തിൽ വായ്പ ലഭിക്കുന്നതിന് ഇത് കാരണമാകുന്നു. ഇനി മുതൽ സ്വന്തമായി വസ്തുവകകൾ ഇല്ലാത്ത സംരംഭകർക്ക് തേർഡ് പാർട്ടി സെക്യൂരിറ്റിയും കെ.എഫ്.സിയിൽ നൽകാം. നിയമങ്ങളിൽ അതിനുള്ള മാറ്റം വരുത്തിയതായി കെ.എഫ്.സി അറിയിച്ചു.
യാതൊരു ഈടും ഇല്ലാതെയാണ് കെ.എഫ്.സി ലക്ഷം വരെയുള്ള വായ്പകൾ സംരംഭക വികസന പദ്ധതിയിൽ അനുവദിക്കുന്നത്. ഇതിൽ പതിനായിരത്തിൽപരം അപേക്ഷകളാണ ഇതുവരെ ലഭിച്ചത്. ഇതു കൂടാതെയാണ് സാധാരണ സ്കീമിൽ ആയിരം കോടി രൂപ കൂടി പുതിയതായി കെ.എഫ്.സി അനുവദിക്കുന്നത്.കോവിഡ് ‘അധിക വായ്പാപദ്ധതി’ ഇപ്പോഴുള്ള സംരംഭകർക്ക് കോവിഡ് പ്രതിസന്ധി അതിജീവിക്കാനായി നൽകുന്ന 20 ശതമാനം ‘അധിക വായ്പാ പദ്ധതി’യുടെ കാലാവധി അടുത്ത വർഷം മാർച്ച് 31 വരെ നീട്ടി. പ്രസ്തുത പദ്ധതിയിൽ ഇതുവരെ 379 സംരഭർക്കായി 233 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഇതു കൂടാതെ നിലവിലെ സംരംഭകർക്കു അവരുടെ വായ്‌പകൾ പുനക്രമീകരിക്കാനും അവസരം നൽകും. പലിശ കുടിശ്ശികകൾ പുതിയ വായ്പയായി മാറ്റി തവണകളായി തിരിച്ചടക്കാനുള്ള സൗകര്യവും നൽകും.