കൊച്ചി: നടന്‍ ഷെയ്ന്‍ നിഗത്തോടുള്ള കടുത്ത നിലപാടില്‍ മാറ്റമുണ്ടാകില്ലെന്ന് കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ സെക്രട്ടറി രഞ്ജിത്ത്. താരത്തിനെതിരെ വിലക്ക് പ്രഖ്യാപിച്ചിട്ടില്ലെന്നും ഷെയ്ന്‍ കാരണം നിര്‍മാണം മുടങ്ങിയ സിനിമകളുടെ നഷ്ടം നികത്തുന്നത് വരെ നടനുമായി നിസ്സഹകരിക്കുക എന്നതാണ് തീരുമാനമെന്നുമാണ് രഞ്ജിത്ത് വ്യക്തമാക്കിയത്.
അതോടൊപ്പം രണ്ട് സിനിമകളുടെ നിര്‍മാണം മുടങ്ങിയതിനെ തുടര്‍ന്ന് ഏഴ് കോടിയോളം രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ടെന്നും ഈ തുക ലഭിക്കുന്നതുവരെ ഷെയ്നിനൊപ്പം സഹകരിക്കേണ്ട എന്നാണ് നിര്‍മാതാക്കളുടെ തീരുമാനമെന്നും രഞ്ജിത്ത് പറഞ്ഞു.
ഷെയ്നിന്റെ പ്രായം കണക്കിലെടുത്ത് വിട്ടുവീഴ്ചയ്ക്ക് തയ്യാറാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കുകയുണ്ടായി. കൂടാതെ ഷെയ്നിന് മാത്രമല്ല, പുതിയ തലമുറ താരങ്ങളില്‍ ഇത്തരത്തില്‍ പെരുമാറുന്നവര്‍ക്കുള്ള താക്കീതെന്ന നിലയിലാണ് ഈ നടപടിയെന്നും രഞ്ജിത്ത് കൂട്ടിച്ചേര്‍ത്തു.