കൊച്ചി : സംവിധായകൻ കെ.ജി.ജോർജിന് ഇന്നു വിട. രാവിലെ 11 മുതൽ 3 വരെ ടൗൺഹാളിൽ ഭൗതികശരീരം പൊതുദർശനത്തിനു വയ്ക്കും. വൈകിട്ട് 4ന് രവിപുരം ശ്മശാനത്തിലാണു സംസ്കാരം. തുടർന്ന് 6ന് വൈഎംസിഎ ഹാളിൽ അനുശോചനയോഗം ചേരുമെന്നു ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണിക്കൃഷ്ണൻ അറിയിച്ചു. കാക്കനാട് സിഗ്നേച്ചർ ഏജ്ഡ് കെയറിൽ കഴിയുകയായിരുന്ന കെ.ജി.ജോർജിന്റെ മരണം ഞായറാഴ്ച രാവിലെയായിരുന്നു.
നെല്ലിന്റെ തിരക്കഥാകൃത്തായിട്ടാണ് അദ്ദേഹം സിനിമയില്‍ പേരെടുക്കുന്നത്. സ്വപ്‍നാടനത്തിലൂടെ കെ ജി ജോര്‍ജ് സംവിധായകനായി അരങ്ങേറി. സ്വപ്‍നാടനം മികച്ച മലയാള ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് നേടി. മലയാളത്തിന്റെ ക്ലാസിക്കായ യവനികയിലൂടെ ആയിരുന്നു ആദ്യ സംസ്ഥന പുരസ്‍കാരം. നാല്‍പത് വര്‍ഷത്തിനിടെ 19 സിനിമകള്‍ സംവിധാനം ചെയ്‍തിട്ടു.
ഒന്നിനൊന്ന് വ്യത്യസ്‍തമായ പ്രമേയങ്ങളായിരുന്നു ജോര്‍ജിന്റെ സിനിമകളുടെ പ്രത്യേകത. വര്‍ത്തമാന സാമൂഹ്യ രാഷ്‍ട്രീയ വിഷയങ്ങള്‍ സിനിമയിലേക്ക് വിജയകരമായി സന്നിവേശിപ്പിക്കാൻ കെ ജി ജോര്‍ജിന് സാധിച്ചിരുന്നു. കാലാവര്‍ത്തിയായി നിലനില്‍ക്കുന്നതാണ് ജോര്‍ജിന്റെ ഓരോ സിനിമാ പരീക്ഷണവും. പ്രമേയത്തിലും ആഖ്യാനത്തിലും പുതുമകള്‍ കൊണ്ടുവന്ന സംവിധായകരില്‍ രാജ്യത്ത് ഒന്നാം നിരയിലായിരിക്കും കെ ജി ജോര്‍ജിന്റെ സ്ഥാനം.