പത്തനംതിട്ട: കേരളത്തെ ഞെട്ടിച്ച കൂടത്തായിയിലെ കൊലപാതകങ്ങള്‍ അടക്കമുള്ള കൊലക്കേസുകളുടെ ചുരുളഴിച്ച അന്വേഷണ ഉദ്യോഗസ്ഥന്‍ പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി കെ.ജി.സൈമണ്‍ ഇന്ന് വിരമിക്കും. 52 കൊലക്കേസുകളാണ് സൈമണിന്റെ അന്വേഷണ ബുദ്ധിയില്‍ തെളിഞ്ഞത്. ഈരാറ്റുപേട്ടയില്‍ തെരുവില്‍ അലഞ്ഞ സ്ത്രീ കൊല്ലപ്പെട്ട കേസ്, കാസര്‍കോട് ഒറ്റയ്ക്ക് താമസിച്ച സ്ത്രീയെ 3 പേര്‍ ചേര്‍ന്നു കൊന്ന കേസ്, വണ്ടിപ്പെരിയാറില്‍ അമ്മയെയും മകളെയും ലൈംഗിക അതിക്രമത്തിനു ശേഷം കൊലപ്പെടുത്തിയ കേസ് എന്നിവ ആ ഗണത്തില്‍പ്പെടുന്നവയാണ്.
അബ്കാരിയായിരുന്ന മിഥില മോഹനെ കൊലപ്പെടുത്തിയ കേസ് കേരളത്തില്‍ വാര്‍ത്താ പ്രാധാന്യം നേടിയതാണ്. കോട്ടയത്ത് പണം പലിശയ്ക്കു കൊടുത്തിരുന്ന മാത്യുവിന്റെ കൊലപാതകിയെ പിടിച്ചത് 8 വര്‍ഷങ്ങള്‍ക്കു ശേഷം സൈമണ്‍ അന്വേഷണം ഏറ്റെടുത്തതിനെ തുടര്‍ന്നായിരുന്നു. കൂടത്തായി കേസില്‍ ജോളിയെ പിടികൂടുന്നതോടെയാണ് സൈമണ്‍ എന്ന പേര് മലയാളികളുടെ മനസ്സില്‍ ചിരപ്രതിഷ്ഠ നേടുന്നത്.
ചങ്ങനാശേരിയിലെ മഹാദേവന്‍ എന്ന 13 വയസ്സുകാരന്റെ തിരോധാനം 18 വര്‍ഷത്തിനു ശേഷം അന്വേഷിച്ചു കണ്ടെത്തി.
മഹാദേവന്റെ തിരോധാനം അന്വേഷിച്ച് രണ്ടു കൊലപാതകങ്ങളാണ് സൈമണ്‍ തെളിയിച്ചത്. നാട്ടിലെ സൈക്കിള്‍ വര്‍ക്ക്‌ഷോപ്പുകാരന്‍ മഹാദേവനെ കൊന്നു കുളത്തില്‍ താഴ്ത്തിയതാണെന്ന് കണ്ടെത്തി. ഇതിന് സഹായിയായ ആള്‍ പിന്നീട് പണം വാങ്ങിത്തുടങ്ങിയതോടെ സയനൈഡ് നല്‍കി അയാളെയും കൊന്നു കുളത്തില്‍ താഴ്ത്തി. പത്തനംതിട്ടയിലെ പോപ്പുലര്‍ കേസില്‍ പ്രതികളെ കുടുങ്ങിയതും അദ്ദേഹത്തിന്റെ അന്വേഷണത്തിലാണ്. . ജെസ്‌നയുടെ തിരോത്ഥാനത്തിന്റെ അന്വേഷണം ഏറ്റെടുത്തെങ്കിലും പൂര്‍ത്തിയാക്കാതെയാണ് വിരമിക്കുന്നത്.
തൊടുപുഴ കയ്യാലയ്ക്കകത്ത് വീട്ടിലേക്ക് കെ.ജി.സൈമണും കുടുംബവും മടങ്ങും. 1984ല്‍ തുമ്പ എസ്‌ഐ ആയിട്ടാണ് പൊലീസ് ജീവിതം തുടങ്ങുന്നത്. 2012ല്‍ ഐപിഎസ് ലഭിച്ചു. പൊലീസ് ജീവിതത്തിനൊപ്പം സംഗീതവും കൊണ്ടുപോകുന്ന സൈമണ്‍ തൊടുപുഴ എള്ളുപുറം പള്ളിയിലെ ക്വയര്‍ മാസ്റ്ററാണ്. പാശ്ചാത്യ സംഗീതം പഠിച്ചിട്ടുണ്ട്. കീ ബോര്‍ഡ് വായിക്കും. ഭാര്യ അനില സൈമണ്‍ പൊതുവിദ്യാഭ്യാസ അഡീഷനല്‍ ഡയറക്ടറായി വിരമിച്ചു. മൂത്ത മകന്‍ അവിനാശ്, ഭാര്യ ഡോ. അനീഷ, ഇളയ മകന്‍ സൂരജ് എന്നിവരടങ്ങുന്നതാണ് സൈമണിന്റെ കുടുംബം.