ഇന്ത്യന്‍ സിനിമാപ്രേമികളില്‍ വലിയ കാത്തിരിപ്പ് ഉയര്‍ത്തിയിട്ടുള്ള സീക്വല്‍ ആണ് കന്നഡ ചിത്രം ‘കെജിഎഫി’ന്റേത്. കൊവിഡ് പശ്ചാത്തലത്തില്‍ റിലീസ് നീണ്ടുപോയ ചിത്രത്തിന് പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് വന്‍ ഓഫറുകള്‍ ലഭിക്കുന്നതായി അടുത്തിടെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. അതേസമയം തിയറ്ററുകള്‍ തുറക്കുന്നതു കാത്ത് നില്‍ക്കുകയാണ് നിര്‍മ്മാതാക്കള്‍. ചിത്രം തിയറ്ററുകളിലേ റിലീസ് ചെയ്യേണ്ടതുള്ളൂ എന്ന തീരുമാനത്തിലാണ് അവര്‍. ഇപ്പോഴിതാ ചിത്രത്തെ സംബന്ധിച്ച് ഒരു പ്രധാന പ്രഖ്യാപനം കൂടി എത്തിയിരിക്കുന്നു. ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം സംബന്ധിച്ച് കരാര്‍ ആയി എന്നതാണ് അത്.
ചിത്രത്തിന്റെ സെന്നിന്ത്യന്‍ ഭാഷാ പതിപ്പുകളുടെ സാറ്റലൈറ്റ് അവകാശം ആര്‍ക്ക് എന്നത് സംബന്ധിച്ചാണ് ഔദ്യോഗിക പ്രഖ്യാപനം. കന്നഡ, തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിലെ സാറ്റലൈറ്റ് അവകാശം സീ നെറ്റ്‌വര്‍ക്കിന് ആണെന്ന് നിര്‍മ്മാതാക്കള്‍ അറിയിക്കുന്നു. സീ നെറ്റ്‌വര്‍ക്കിനു കീഴില്‍ വരുന്ന ചാനലുകള്‍ വഴി ആയിരിക്കും ചിത്രത്തിന്റെ ടെലിവിഷന്‍ പ്രീമിയറുകള്‍.
2020 ഒക്ടോബര്‍ 23 എന്നൊരു തീയതിയാണ് ‘കെജിഎഫ് 2’ന്റെ റിലീസ് തീയതിയായി ഏറ്റവുമാദ്യം പ്രഖ്യാപിക്കപ്പെട്ടിരുന്നത്. അതിനു കഴിയാതെ വന്നതോടെ ഈ വര്‍ഷം ജനുവരിയില്‍ പുതിയ തീയതി പ്രഖ്യാപിച്ചു. ഈ വര്‍ഷം ജൂലൈ 16ന് ചിത്രം എത്തുമെന്നായിരുന്നു അവസാനത്തെ അറിയിപ്പ്. പുതിയ തീയതി തിയറ്ററുകള്‍ സജീവമാകുന്ന സമയത്തേക്ക് പ്രഖ്യാപിക്കും