ആലപ്പുഴ: മാവേലിക്കര ജില്ലാ ആശുപത്രിയില്‍ ജോലിക്കിടെ ഡോക്ടറെ ക്രൂരമായി മര്‍ദിച്ച പൊലീസുകാരനെ അറസ്റ്റ് ചെയ്യാത്തതിനെതിരെ കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫിസേഴ്‌സ് അസോസിയേഷന്‍ (കെജിഎംഒഎ) പ്രതിഷേധം ശക്തമാക്കുന്നു.
സംഭവം നടന്ന് ആറാഴ്ച പിന്നിട്ടിട്ടും പ്രതിയെ അറസ്റ്റ് ചെയ്യുന്നതില്‍ പൊലീസ് കാണിക്കുന്നത് കുറ്റകരമായ അനാസ്ഥയാണ്. ഈ വിഷയം ഉന്നയിച്ച് കെജിഎംഒഎ നടത്തി വരുന്ന ഇടപെടലുകള്‍ അവഗണിക്കപ്പെട്ടിരിക്കുകയാണ്. അതിനാല്‍ പ്രതിഷേധം ശക്തമാക്കാന്‍ നിര്‍ബന്ധിക്കപ്പെട്ടിരിക്കുന്നുവെന്നും സംഘടന വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
പ്രതിഷേധത്തിന്റെ ഭാഗമായി വെള്ളിയാഴ്ച സംസ്ഥാന വ്യാപകമായി ആരോഗ്യ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളില്‍ സ്‌പെഷ്യാലിറ്റി ഒപികളും അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും ബഹിഷ്‌കരിക്കും. അന്ന് രാവിലെ 10 മണി മുതല്‍ 11 മണി വരെ മറ്റു ഒപി സേവനങ്ങളും നിര്‍ത്തിവച്ച് എല്ലാ സ്ഥാപനങ്ങളിലും പ്രതിഷേധ യോഗങ്ങള്‍ സംഘടിപ്പിക്കുമെന്നും കെജിഎംഒഎ സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. അത്യാഹിത വിഭാഗം, അടിയന്തര ശസ്ത്രക്രിയകള്‍, ലേബര്‍ റൂം, ഐപി ചികിത്സ, കോവിഡ് ചികിത്സയും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്ക് മുടക്കമുണ്ടാവില്ല.