തിരുവനന്തപുരം: കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫീസേഴ്സ് അസ്സോസിയേഷന്‍(കെ.ജി.എം.ഒ.എ) 2019ലെ മാധ്യമ, മികച്ച ഡോക്ടര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. കെജിഎംഒഎയുടെ 53 ാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് ഫെബ്രവരി രണ്ടിന് വൈകുന്നേരം നാല് മണിക്ക് കൊല്ലം റാവിസ് ഹോട്ടലില്‍ വെച്ച് അവാര്‍ഡുകള്‍ ആരോഗ്യമന്ത്രി വിതരണം ചെയ്യും.
ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട മികച്ച ലേഖനത്തിനുള്ള പുരസ്‌ക്കാരമായ ഡോ.എം.പി സത്യനാരായണന്‍ മെമ്മോറിയല്‍ അവാര്‍ഡ്, ദീപിക ദിനപത്രം തിരുവനന്തപുരം ബ്യൂറോയിലെ റിച്ചാര്‍ഡ് ജോസഫ് എഴുതിയ സ്‌ക്രീനില്‍ കുരുങ്ങുന്ന കുട്ടികള്‍ എന്ന ലേഖന പരമ്പര കരസ്ഥമാക്കി.
25,000 രൂപയും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. സമൂഹ മാധ്യമങ്ങളിലെ ക്രിയാത്മകമായ ഇടപെടലിന് കല്‍പ്പറ്റ ജനറല്‍ ആശുപത്രിയിലെ സൈക്യാട്രി വിഭാഗം ജൂനിയര്‍ കണ്‍സല്‍ട്ടന്റ് ഡോ.ജോസ്റ്റിന്‍ ഫ്രാന്‍സിസ് അര്‍ഹനായി. 10,000 രൂപയും ഫലകവുമാണ് അവാര്‍ഡ്. ആരോഗ്യരംഗത്തെ മികച്ച സന്നദ്ധ സംഘടനക്കുള്ള ഡോ.എസ്.വി സതീഷ് കുമാര്‍ മെമ്മോറിയല്‍ അവാര്‍ഡ് കണ്ണൂരിലെ മലബാര്‍ കാന്‍സര്‍ കെയര്‍ സൊസൈറ്റിക്ക് ലഭിച്ചു. 10,000 രൂപയും ഫലകവുമാണ് അവാര്‍ഡ്.
വ്യത്യസ്ത കാഡറുകളിലെ മികച്ച ഡോക്ടര്‍മാരുടെ അവാര്‍ഡുകളില്‍, അഡ്മിനിസ്ട്രേറ്റീവ് കാഡറില്‍ സംസ്ഥാനത്തെ മികച്ച ഡോക്ടര്‍ക്കുള്ള പുരസ്‌ക്കാരത്തിന് കാസര്‍ഗോഡ് ജില്ലാ ടി.ബി ഓഫീസര്‍ ഡോ.ടി.പി ആമിന അര്‍ഹയായി. തൂവാല വിപ്ലവം പോലെയുള്ള ജനകീയ പരിപാടികളും വ്യത്യസ്തങ്ങളായ മറ്റു പ്രോഗ്രാമുകളുമാണ് അവാര്‍ഡിന് അര്‍ഹയാക്കിയത്.
സ്പെഷ്യാലിറ്റി ഡോക്ടര്‍മാരുടെ വിഭാഗത്തിലെ മികച്ച ഡോക്ടര്‍ക്കുള്ള പുരസ്‌ക്കാരത്തിന് ബാലുശ്ശേരി താലൂക്ക് ആശുപത്രിയിലെ ശിശുരോഗ വിദഗ്ധന്‍ ഡോ.കൃഷ്ണമോഹന്‍ അര്‍ഹനായി. അക്കാദമിക് മികവും ദേശീയ ഫോറങ്ങളില്‍ അവതരിപ്പിച്ച പ്രബന്ധങ്ങളുമാണ് അവാര്‍ഡ് നേടിക്കൊടുത്തത്.
ജനറല്‍ കേഡറിലെ മികച്ച ഡോക്ടര്‍ക്കുള്ള പുരസ്‌ക്കാരത്തിന് കൊല്ലം ജില്ലയിലെ തലവൂര്‍ പി.എച്ച്.സിയിലെ ഡോ.അജയകുമാര്‍ എസ് അര്‍ഹനായി. പഞ്ചാരക്കൂട്ടം എന്ന പേരില്‍ സബ് സെന്റര്‍ തലങ്ങളില്‍ പ്രമേഹ രോഗികള്‍ക്കായുള്ള കൂട്ടായ്മ രൂപീകരിക്കുകയും പ്രമേഹ ബോധവല്‍ക്കരണം നല്‍കുകയും പ്രമേഹരോഗ സങ്കീര്‍ണതകള്‍ നേരത്തെ കണ്ടെത്തുന്നതിനുള്ള ചിട്ടയായ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും പുത്തന്‍ തലമുറകളിലേക്ക് ജീവിതശൈലി രോഗങ്ങള്‍ എത്തിച്ചേരാതിരിക്കാന്‍ സ്‌കൂള്‍ തലങ്ങളില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തതിനാണ് അവാര്‍ഡ്.
ശബരിമല നോഡല്‍ ഓഫീസറായി സ്തുത്യര്‍ഹമായ രീതിയില്‍ സേവനം നടത്തിയ നിലക്കല്‍ പി.എച്ച്.സി മെഡിക്കല്‍ ഓഫീസര്‍ ഡോ.പ്രശോഭ് ഇ പ്രത്യേക പുരസ്‌ക്കാരത്തിന് അര്‍ഹനായി. സൂപ്പര്‍ സ്പെഷ്യാറ്റി വിഭാഗത്തില്‍ സംസ്ഥാനത്തെ മികച്ച ഡോക്ടറായി പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ കാര്‍ഡിയോളജിസ്റ്റ് ഡോ.ജോസ് പൈക്കട അര്‍ഹനായി. കെ.ജി.എം.ഒ.എ യുടെ 53മത് സംസ്ഥാന സമ്മേളനത്തില്‍ ഡോക്ടര്‍മാര്‍ക്കുള്ള തുടര്‍ വിദ്യാഭ്യാസ പരിപാടി രാവിലെ 11 മണിക്ക് ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്സി കുട്ടി അമ്മ ഉദ്ഘാടനം ചെയ്യും.