എ ആര്‍ റഹ്‌മാന്റെ മകള്‍ ഖദീജയുടെ മ്യൂസിക് വീഡിയോക്ക് അന്താരാഷ്ട്ര പുരസ്‌കാരം

ചെന്നൈ: മകള്‍ ഖദീജ റഹ്‌മാന്റെ പുരസ്‌കാര നേട്ടത്തില്‍ അഭിമാനം കൊണ്ട് സംഗീത മാന്ത്രികന്‍ എ.ആര്‍ റഹ്‌മാന്‍. അന്താരാഷ്ട്ര സൗണ്ട് ഫ്യൂച്ചര്‍ അവാര്‍ഡില്‍ മികച്ച അനിമേഷന്‍ മ്യൂസിക് വീഡിയോ ആയി ഖദീജയുടെ ‘ഫാരിഷ്ടണ്‍’ എന്ന സംഗീത വീഡിയോ അര്‍ഹമായി.

മകളാണ് പുരസ്‌കാരത്തിന് അര്‍ഹയായതെങ്കിലും ഈ പുരസ്‌കാരം എ.ആര്‍ റഹ്‌മാനുള്ളതാണ്. ‘ഫാരിഷ്ടണ്‍’ എന്ന വീഡിയോ ഗാനത്തിന്റെ സംഗീത സംവിധാനവും നിര്‍മ്മാണവും നിര്‍വ്വഹിച്ചിരിക്കുന്നത് എ.ആര്‍ റഹ്‌മാനാണ്. മകള്‍ക്ക് വേണ്ടി എ.ആര്‍ റഹ്‌മാന്‍ ഈ ദൗത്യം ഏറ്റെടുക്കുകയായിരുന്നുവെന്ന് ഇതില്‍ നിന്നും വ്യക്തമാണ്. മുന്നാ ഷൗക്കത്ത് അലിയുടെ വരികള്‍ക്ക് ഖദീജ റഹ്‌മാനാണ് ഗാനാലാപനം.

പുരസ്‌കാര നേട്ടത്തില്‍ ആരാധകരുമായി സന്തോഷം പങ്കുവെയ്ക്കാനും സംഗീത മാന്ത്രികന്‍ മറന്നില്ല. ‘ഒരു പുരസ്‌കാരം കൂടി സ്വന്തമാക്കി ‘ഫാരിഷ്ടണ്‍” – എ.ആര്‍ റഹ്‌മാന്‍ ട്വീറ്റ് ചെയ്തു.സംഗീത ജീവിതത്തിലെ ഖദീജ റഹ്‌മാന്റെ ആദ്യത്തെ അദ്ധ്യായം കൂടിയാണ് ‘ഫാരിഷ്ടണ്‍’. ഇത് ‘ഫാരിഷ്ടണിന്’ ലഭിക്കുന്ന ആദ്യത്തെ പുരസ്‌കാരമല്ല. രണ്ട് ദിവസം മുമ്പ് ഗ്ലോബല്‍ ഷോര്‍ട്സ് ഡോട്ട് നെറ്റിന്റെ അവാര്‍ഡ് ഓഫ് മെരിറ്റും ‘ഫാരിഷ്ടണിന്’ ലഭിച്ചു. അന്താരാഷ്ട്ര ഷോര്‍ട്ട് ഫിലം കോംപെറ്റീഷനിലും തിരഞ്ഞെടുക്കപ്പെട്ട ‘ഫാരിഷ്ടണ്‍’ ലോസ് ഏഞ്ചലിസ് ഫിലിം അവാര്‍ഡില്‍ പ്രത്യേക പരാമര്‍ശത്തിന് അര്‍ഹമായി.

‘ഈ ഗാനത്തിന് പിന്നില്‍ തന്റെ കഥയാണെന്ന് വീഡിയോ പങ്കുവെച്ചിരിക്കുന്നതിന് താഴെ ഖദീജ കുറിച്ചിട്ടുണ്ട്. ചെന്നൈയിലെ വ്യത്യസ്ത സംസ്‌കാര കുടുംബ പശ്ചാത്തലത്തിലാണ് എന്റെ ജനനം. തന്റെ കുടുംബാംഗങ്ങളും കൂട്ടുകാരും സംഗീതത്തിന്റെ വിവിധ തലങ്ങളിലുള്ളവരാണ്.

വീഡിയോയില്‍ ദൃശ്യമാകുന്ന ‘അമാല്‍’ എന്ന കഥാപാത്രത്തിന് എന്റെ ജീവിതാനുഭവങ്ങളുമായി ബന്ധമുണ്ട്. ഈ വീഡിയോ ഗാനം പാടുന്നതിനായി എനിക്ക് പ്രചോദനമേകുകയും എന്നെ വിളിച്ച് അഭിനന്ദിക്കുകയും അനുഗ്രഹിക്കുകയും ചെയ്ത ലതാ മങ്കേഷ്‌കര്‍ ജീക്ക് ഞാന്‍ നന്ദി രേഖപ്പെടുത്തുന്നു.’- ഖദീജ കുറിച്ചു.

 

Top