ന്യൂഡല്‍ഹി: ഖാദിയുടെ ട്രേഡ് മാര്‍ക്ക് ഉപയോഗിച്ച് വിപണനം നടത്തിയ ഫാബ് ഇന്ത്യക്കെതിരെ ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് കമ്മീഷന് (കെ.വി.ഐ.സ്) രംഗത്ത്. കെ.വി.ഐ.സി ഫാബ് ഇന്ത്യ ഗ്രൂപ്പിനെതിരെ വക്കീല്‍ നോട്ടീസ് അയച്ചു. ഖാദിയുടെ ലോഗോയ്ക്ക് പുറമെ ഖാദി ടാഗ് ഉപയോഗിച്ചതിന് നഷ്ടപരിഹാരമായി 525 കോടി രൂപ നല്‍കണമെന്നാവശ്യപ്പെട്ടാണ് കെ.വി.ഐസി നോട്ടീസ് അയച്ചിരിക്കുന്നത്.
ട്രേഡ് മാര്‍ക്കും ലോഗോയും മാറ്റിയില്ലെങ്കില്‍ ഫാബ് ഇന്ത്യ ഓവര്‍സീസ് പ്രൈവറ്റ് ലിമിറ്റഡിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും കെ.വി.ഐ.സി അയച്ച വക്കീല്‍ നോട്ടീസില്‍ പറയുന്നു.
ചര്‍ക്കയുടെ ചിത്രവും ഖാദി മാര്‍ക്കും ചേര്‍ത്ത ടാഗ് ഉല്‍പ്പന്നങ്ങളില്‍ നിന്ന് ഉടന്‍ നീക്കം ചെയ്യണമെന്നും കെ.വി.ഐ.സി ആവശ്യപ്പെടുന്നു. കമ്പനി മാപ്പ് പറയണമെന്നും നോട്ടീസില്‍ ആവശ്യപ്പെടുന്നുണ്ട്.
വക്കീല്‍ നോട്ടീസ് ലഭിച്ചതായി സ്ഥിരീകരിച്ചെങ്കിലും നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നാണ് ഫാബ് ഇന്ത്യ കമ്പനിയുടെ പ്രതികരണം. ഇത് കെ.വി.ഐ.സി.യെ അറിയിച്ചിട്ടുണ്ടെന്നും നിയമനടപടി ഉണ്ടായാല്‍ ശക്തമായി നേരിടുമെന്നും കമ്പനി പറഞ്ഞു.