കണ്ണൂര്‍: ഖാദി ബോര്‍ഡില്‍ നിന്ന് കിട്ടാനുള്ള ദിവസക്കൂലിക്കായി ഓഫീസുകള്‍ കയറിയിറങ്ങിയ നിഷയ്ക്ക് ഒടുവിൽ നീതി. 3.37 ലക്ഷം രൂപയുടെ ചെക്ക് ഖാദി ബോര്‍ഡ് നിഷയ്ക്ക് കൈമാറി. കുറ്റ്യാട്ടൂര്‍ സ്വദേശി നിഷ ശമ്പളത്തിനായി പോരാടിയത് മൂന്നുവര്‍ഷമാണ്. 2013 ലാണ് താത്കാലികാടിസ്ഥാനത്തിൽ ഖാദി ബോർഡിന്‍റെ കണ്ണൂർ വിപണന കേന്ദ്രത്തിൽ നിഷ ജോലിക്ക് കയറിയത്. നാനൂറ് രൂപയായിരുന്നു ദിവസക്കൂലി. യുഡിഎഫ് ഭരിക്കുന്ന സമയമായിരുന്നു അത്. എൽഡിഎഫ് അധികാരത്തിൽ വന്നതോടെ 2017 ൽ നിഷയെ പിരിച്ചുവിട്ടു.
ഇതിനെതിരെ നിഷ ലേബർ കോടതിയിൽ പോയി ജോലിയിൽ തിരികെ പ്രവേശിക്കാൻ അനുകൂല വിധി നേടി. തിരിച്ചെടുത്തില്ലെങ്കിൽ ഉത്തരവ് വന്ന സമയം മുതലുള്ള ശമ്പളം നൽകണമെന്നും നൽകിയില്ലെങ്കിൽ ഖാദി ബോർഡിലെ വസ്തുക്കൾ ജപ്തി ചെയ്ത് ശമ്പളം ഈടാക്കാനും ഉത്തരവായി. ഇതിനെതിരെ ഖാദി ബോർഡ് ഹൈക്കോടതിയിൽ പോയെങ്കിലും ഹർജി തള്ളി. അനുകൂല ഉത്തരവും കയ്യിൽ പിടിച്ച് കഴിഞ്ഞ മൂന്ന് കൊല്ലമായി സർക്കാർ ഓഫീസുകൾ കയറി ഇറങ്ങുകയായിരുന്നു നിഷ.