ചണ്ഡീഗഡ്: കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയില്‍ ഖാലിസ്ഥാന്‍ അനുകൂല ഭീകരരുടെ ക്യാമ്പ് നടക്കുന്നതായി ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികളുടെ മുന്നറിയിപ്പ്. പഞ്ചാബില്‍ ഭീകരാക്രമണം നടത്തുകയാണ് തീവ്രവാദികളുടെ ലക്ഷ്യമെന്നാണ് രഹസ്യ വിവരം.
കാനഡയിലെ ജസ്റ്റിന്‍ ട്രൂഡോ സര്‍ക്കാരിന് ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ വിവരം കൈമാറിയിട്ടുണ്ട്.
കാനഡയിലുള്ള സിഖ് വംശജനായ ഹര്‍ദീപ് നിജ്ജര്‍ നേതൃത്വം നല്‍കുന്ന ഖാലിസ്ഥാന്‍ ടെറര്‍ ഫോഴ്‌സ് (കെ.ടി.എഫ്) ആണ് ക്യാമ്പ് നടത്തുന്നതെന്നാണ് വിവരം. നിജ്ജറിനെ ഇന്ത്യയില്‍ എത്തിക്കണമെന്ന് പഞ്ചാബ് സര്‍ക്കാര്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തോടും ആഭ്യന്തര മന്ത്രാലയത്തോടും അഭ്യര്‍ഥിച്ചിട്ടുണ്ട്.
ഭീകരര്‍ പാകിസ്താനില്‍നിന്ന് ആയുധങ്ങള്‍ ശേഖരിച്ച് കഴിഞ്ഞുവെന്നാണ് രഹസ്യ വിവരം. എന്നാല്‍ പഠാന്‍കോട്ട് ഭീകരാക്രമണത്തിനുശേഷം അതിര്‍ത്തിയില്‍ സൈന്യം അതീവ ജാഗ്രത പാലിക്കുന്നതിനാല്‍ ആയുധങ്ങള്‍ ഇന്ത്യയില്‍ എത്തിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് സൂചന.
2007 ല്‍ ലുധിയാനയില്‍ ആറുപേര്‍ കൊല്ലപ്പെടാന്‍ ഇടയാക്കിയ സ്‌ഫോടനവുമായി ബന്ധപ്പെട്ട് പോലീസ് തിരയുന്നയാളാണ് നിജ്ജാര്‍. രണ്ടാഴ്ചമുമ്പ് ലുധിയാനയില്‍നിന്ന് അറസ്റ്റിലായ കെ.ടി.എഫ് പ്രവര്‍ത്തകനില്‍നിന്നാണ് കാനഡയിലെ തീവ്രവാദ ക്യാമ്പ് സംബന്ധിച്ച വിവരം ലഭിച്ചത്. അറസ്റ്റിലായ ആള്‍ പാകിസ്ഥാനിലെ തീവ്രവാദി നേതാക്കളുമായി ഫോണില്‍ ബന്ധപ്പെട്ടതിന്റെ തെളിവുകളും ലഭിച്ചിരുന്നു