ടൊറന്റൊ: കാനഡയില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റിന് നേരെ പ്രതിഷേധം തുടരുമെന്ന ഭീഷണിയുമായി ഖലിസ്ഥാന്‍ അനുകൂലികള്‍. തിങ്കളാഴ്ച വാന്‍കോവറില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ്, ഇന്ത്യന്‍ സര്‍ക്കാര്‍ പെന്‍ഷന്‍ ലഭിക്കുന്നവര്‍ക്ക് ലൈഫ് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യുന്നത് ഖലിസ്ഥാന്‍ അനുകൂലികള്‍ തടസ്സപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് പ്രവര്‍ത്തനം തടയുമെന്ന പുതിയ ഭീഷണി.
ബ്രിട്ടിഷ് കൊളംബിയയിലെ അബോട്‌സ്‌ഫോഡില്‍ ഖല്‍സ ദിവാന്‍ സൊസൈറ്റിയുടെ ഗുരുദ്വാരയിലായിരുന്നു ക്യാംപ് സംഘടിപ്പിച്ചത്. ഗുരുദ്വാരയ്ക്ക് സമീപത്തായി പ്രതിഷേധക്കാര്‍ തടിച്ചുകൂടുകയും തുടര്‍ന്ന് പൊലീസ് സംരക്ഷണത്തില്‍ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരെ പുറത്തെത്തിക്കുകയുമായിരുന്നു.
തിങ്കളാഴ്ച ഇരുപതോളം വരുന്ന സംഘമാണ് പ്രതിഷേധം സംഘടിപ്പിച്ചതെന്ന് കോണ്‍സല്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു. സേവനം തേടി വന്നവരോട് മോശമായി പെരുമാറി. ആവശ്യത്തിനു പൊലീസ് സന്നാഹമുണ്ടായിരുന്നതിനാല്‍ കൂടുതല്‍ അനിഷ്ട സംഭവങ്ങള്‍ ഉണ്ടായില്ലെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ഇത്തരം ക്യാംപുകള്‍ നടത്തിയാല്‍ ശക്തമായ പ്രതിഷേധം നേരിടേണ്ടി വരുമെന്ന് അറിയിച്ച് സിഖ്‌സ് ഫോര്‍ ജസ്റ്റിസ് (എസ്എഫ്‌ജെ) ജനറല്‍ കൗണ്‍സല്‍ ഗുര്‍പത്വന്ത് സിങ് പന്നുന്‍ രംഗത്തെത്തിയരുന്നു. ക്യാംപുകള്‍ നിര്‍ത്തണമെന്നാവശ്യപ്പെട്ട് ബുധനാഴ്ച പന്നുന്‍ നോട്ടിസ് പുറത്തുവിട്ടിരുന്നു. 18, 19 തിയതികളില്‍ ഗ്രേറ്റര്‍ ടൊറന്റോ ഏരിയയില്‍ ക്യാംപുകള്‍ അനുവദിക്കില്ലെന്നും പന്നുന്‍ അറിയിച്ചു.