ഖാലിസ്ഥാൻ ഭീഷണി: പ്രധാനമന്ത്രി ഉന്നതതല യോഗം വിളിച്ചു; സ്ഥിതിഗതികൾ വിലയിരുത്തും

ഡല്‍ഹി: ഖാലിസ്ഥാന്‍ ഭീഷണിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉന്നതതല യോഗം വിളിച്ചു.കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവര്‍ യോഗത്തില്‍ സംബന്ധിക്കും. രാജ്യസുരക്ഷയ്ക്ക് തന്നെ ഭീഷണിയാകുന്ന തരത്തില്‍ ഖാലിസ്ഥാന്‍ വാദികളുടെ നീക്കം, വിദേശത്ത് ഹൈക്കമ്മീഷന്‍ ഓഫീസുകളും കോണ്‍സുലേറ്റുകളും ആക്രമിക്കുന്ന സാഹചര്യം എന്നിവയുടെ പശ്ചാത്തലത്തിലാണ് അടിയന്തര യോഗം വിളിച്ചത്.

ആഭ്യന്തരമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ സംബന്ധിക്കും. പഞ്ചാബിലെ നിലവിലെ സാഹചര്യം ഉന്നതതല യോഗം വിലയിരുത്തും. പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി ഭരണം നിലവില്‍ വന്നതോടെ ഖാലിസ്ഥാന്‍ വാദികളുടെ സ്വാധീനം വര്‍ധിച്ചതായും, പ്രവര്‍ത്തനം ശക്തിപ്പെട്ടതായും ആരോപണം ഉയര്‍ന്നിട്ടുണ്ട്. പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ഖാലിസ്ഥാന്‍ വാദിയും വാരിസ് പഞ്ചാബ് ദേ തലവനുമായ അമൃത്പാല്‍ സിങ്ങിനായി പൊലീസ് അന്വേഷണം തുടരുകയാണ്.

അമൃത്പാല്‍ സിങ്ങിനെ ഇതുവരെ പിടികൂടാനായിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. അമൃത്പാല്‍ അനുകൂലികള്‍ പ്രക്ഷോഭം ഉണ്ടാക്കാനുള്ള സാധ്യത കണക്കിലെടുത്ത് പഞ്ചാബില്‍ സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്. രാജ്യസുരക്ഷയ്ക്ക് ഭീഷണിയായി പ്രവര്‍ത്തിക്കുന്ന ഒരാളെയും വെറുതെ വിടില്ലെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍ പറഞ്ഞു.

ഖാലിസ്ഥാന്‍ അനുകൂലികള്‍ അമേരിക്ക, കാനഡ, ഓസ്‌ട്രേലിയ, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളില്‍ ഇന്ത്യാ വിരുദ്ധ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. സാന്‍ഫ്രാന്‍സിസ്‌കോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന് നേര്‍ക്ക് ഖാലിസ്ഥാന്‍ അനുകൂലികള്‍ ആക്രമണം നടത്തിയിരുന്നു. സംഭവത്തില്‍ ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം യുഎസിനെ പ്രതിഷേധം അറിയിക്കുകയും ചെയ്തിരുന്നു.

Top