കൊടിയ ദാരിദ്രം; ഖാനയില്‍ കുട്ടികളെ അടിമ വ്യാപാരികള്‍ക്ക് വില്‍ക്കുന്നതിനെതിരെ അധികൃതര്‍

ഖാന; അടിമ വ്യാപാരികള്‍ക്ക് കുട്ടികളെ വില്‍ക്കാന്‍ പോലും മാതാപിതാക്കളെ നിര്‍ബന്ധിതരാക്കുന്ന അത്ര കൊടിയ ദാരിദ്രമാണ് ആഫ്രിക്കന്‍ രാജ്യമായ ഖാനയില്‍ നിലനില്‍ക്കുന്നത്. വോള്‍ട്ട തടാകത്തില്‍ മാത്രമായി ഇരുപതിനായിരത്തോളം ബാല അടിമകളെ മീന്‍പിടുത്തത്തിനായി ഉപയോഗിക്കുന്നതായാണ് റിപ്പോര്‍ട്ട്. ഇതിനെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ഒരുങ്ങുകയാണ് അധികൃതര്‍.

ശരിയായ വിദ്യഭ്യാസം നേടുകയും പോഷകാഹാരങ്ങള്‍ ലഭിക്കുകയും ചെയ്യേണ്ട ഈ പ്രായത്തില്‍ തടാകത്തിലെ മീനുകളെ തേടി തോണികളില്‍ സഞ്ചരിക്കുകയാണീ ബാല്യങ്ങള്‍ എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. അടിമ വ്യാപാരികളില്‍ നിന്ന് ഈ കുട്ടികളെ വാങ്ങിയ ആള്‍ ആജ്ഞകള്‍ നല്‍കി ഇവര്‍ക്കൊപ്പമുണ്ട്. കൊടിയ ദാരിദ്ര്യത്തിന്റ ഇരകളായാണ് ഈ കുട്ടികള്‍ അടിമ വ്യാപാരികളില്‍ എത്തപ്പെടുന്നത്. 250 ഡോളറിന് പോലും രക്ഷകര്‍ത്താക്കള്‍ കുട്ടികളെ അടിമ വ്യാപാരികള്‍ക്ക് കൈമാറുന്നതായാണ് റിപ്പോര്‍ട്ട്. വോള്‍ട്ട തടാകത്തിന് സമീപത്തെ കീറ്റ് ക്രാച്ചി നഗരത്തില്‍ 2017ല്‍ ദേശീയ ബാലവേല ദിനം ആചരിച്ചിരുന്നു. ബാലവേലക്കെതിരായ ബോധവത്കരണം സൃഷ്ടിക്കാനായിരുന്നു ശ്രമം.

ഈ തടാകത്തിലെ ബോട്ടുകളെയും അതിന്റെ ഉടമകളെയും രജിസ്റ്റര്‍ ചെയ്യുന്നതിനും നടപടി ആരംഭിച്ചിരുന്നതാണ്. എന്നാല്‍ പേരിന് മാത്രം നടക്കുന്ന ഇത്തരം പ്രവര്‍ത്തികള്‍ യഥാര്‍ത്ഥ ഫലം കണ്ടില്ലെന്നതാണ് യാഥാര്‍ത്ഥ്യം. അന്താരാഷ്ട്ര മാധ്യമങ്ങളുടെ ശ്രദ്ധയിലേക്ക് വിഷയം എത്തിയതോടെ അടിയന്തിര നടപടി ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

Top