ഇത് ഐഎന്‍എസ് ഖന്ദേരി; ഇന്ത്യന്‍ നാവിക സേനയുടെ പുതിയ കരുത്ത്

മുംബൈ: ഇന്ത്യന്‍ നാവിക സേനയ്ക്കു കരുത്തേകി അന്തര്‍വാഹിനി ഐഎന്‍എസ് ഖന്ദേരി. സ്‌കോര്‍പീന്‍ ശ്രേണിയില്‍ പെടുന്ന രണ്ടാമത്തെ മുങ്ങിക്കപ്പലായ ഖന്ദേരി മുംബൈ പശ്ചിമ നാവിക സേന ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗാണ് കമ്മീഷന്‍ ചെയ്തത്.

ശനിയാഴ്ച രാവിലെയാണ് ഐഎന്‍എസ് ഖന്ദേരി ഇന്ത്യന്‍ നാവികസേനയുടെ ആയുധശേഖരത്തിലേക്കെത്തിയത്. ഐഎന്‍എസ് കല്‍വരിയ്ക്ക് ശേഷം നാവികസേന കരസ്ഥമാക്കുന്ന ഡീസല്‍-ഇലക്ട്രിക് മുങ്ങിക്കപ്പലാണ് ഖണ്ഡേരി.

‘ഇന്ത്യന്‍ നാവികസേനയെ കുറിച്ച് ഏറെ അഭിമാനമുണ്ട്. 1971 ലെ ഇന്ത്യാ-പാക് യുദ്ധത്തില്‍ പാക്കിസ്ഥാനെ പരാജയപ്പെടുത്തുന്നതില്‍ നാവികസേന മഹത്തായ പങ്കാണ് വഹിച്ചത്. ഇന്ത്യയുടെ യുദ്ധസന്നാഹങ്ങളെ കുറിച്ച് പാകിസ്താന്‍ അറിഞ്ഞിരിക്കണം. പാകിസ്താനെതിരെ യുദ്ധം അനിവാര്യമായാല്‍ ഈ ആയുധങ്ങള്‍ നമുക്ക് പ്രയോജനപ്പെടും’. മുംബൈയില്‍ നടന്ന ചടങ്ങില്‍ ഖന്ദേരി കൈമാറി രാജ് നാഥ് സിങ് പറഞ്ഞു.

2017 ഓഗസ്റ്റിലാണ് ഐഎന്‍എസ് ഖണ്ഡേരി ലോഞ്ച് ചെയ്തത്. വെള്ളത്തിനടിയില്‍ വച്ചും ജലോപരിതലത്തില്‍ വച്ചും ആക്രമണം നടത്താനുള്ളശേഷിയുള്ള ഖണ്ഡേരിയുടെ നീളം 67.5 മീറ്ററും പൊക്കം 12.3 മീറ്ററുമാണ്.

Top