ന്യൂഡല്‍ഹി: ലോക്പാല്‍ തെരഞ്ഞെടുപ്പ് കമ്മറ്റി യോഗത്തിലേക്കുള്ള ക്ഷണം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഗാര്‍ഖെ നിരസിച്ചു. ഏറ്റവും വലിയ പ്രതിപക്ഷപാര്‍ട്ടിയുടെ നേതാവിന് പൂര്‍ണ്ണ അംഗത്വം നല്‍കുന്നത് വരെ കമ്മറ്റിയുമായി സഹകരിക്കില്ലെന്നാണ് ഗാര്‍ഖെയുടെ തീരുമാനം. പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് ഇത് സംബന്ധിച്ച് അദ്ദേഹം കത്തയച്ചു.
10 ശതമാനം എംപിമാര്‍ കോണ്‍ഗ്രസിനില്ലാത്തത് കൊണ്ട് സ്പീക്കര്‍ കോണ്‍ഗ്രസിന് പ്രതിപക്ഷ സ്ഥാനം നല്‍കിയിരുന്നില്ല. നിലവിലെ നിയമമനുസരിച്ച് ഒരു കോണ്‍ഗ്രസ് നേതാവിന് കമ്മറ്റിയിലെ ചര്‍ച്ചയില്‍ പങ്കെടുക്കാനും അഭിപ്രായം രേഖപ്പെടുത്താനും വോട്ട് ചെയ്യാനും അധികാരമില്ല. നാലാം തവണയാണ് ഗാര്‍ഖെ ക്ഷണം നിരസിക്കുന്നത്. പ്രത്യേക ക്ഷണിതാവായാണ് ഗാര്‍ഖയെ വിളിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് ലോക്പാലുമായി സഹകരിക്കുന്നില്ലെന്ന് വരുത്തിത്തീര്‍ക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. പ്രത്യേക ക്ഷണിതാവിന് യോഗത്തില്‍ ഒട്ടും തന്നെ പ്രാധാന്യമില്ല.
പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയിലാണ് ഇന്നത്തെ യോഗം നടക്കുന്നത്. ലോക്പാലിന്റെ അംഗങ്ങളെയും മറ്റും തെരഞ്ഞെടുക്കുന്നതിനുള്ള ചര്‍ച്ചകളാണ് ഇന്ന് നടക്കുക.
പ്രധാനമന്ത്രി, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, സ്പീക്കര്‍ സുമിത്ര മഹാജന്‍ എന്നിവരാണ് ലോക്പാല്‍ തെരഞ്ഞെടുപ്പ് സമിതിയിലുള്ളത്.