ഖാര്‍കിവ് ബോംബാക്രമണം യുദ്ധക്കുറ്റമാണെന്ന് യുക്രൈന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി

കീവ്: ഡസന്‍ കണക്കിന് സാധാരണക്കാരെ കൊന്ന ഖാര്‍കിവ് ബോംബാക്രമണം യുദ്ധക്കുറ്റമാണെന്ന് യുക്രൈന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി. സിവിലിയന്‍മാരെ ബോധപൂര്‍വം ലക്ഷ്യമിട്ടതിന് ദൃക്സാക്ഷി വിവരണങ്ങളുണ്ടെന്ന് സെലെന്‍സ്‌കി കൂട്ടിച്ചേര്‍ത്തു. തിങ്കളാഴ്ച റഷ്യന്‍ ക്ലസ്റ്റര്‍ ബോംബുകള്‍ പാര്‍പ്പിട കെട്ടിടങ്ങള്‍ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തില്‍ മൂന്ന് കുട്ടികളടക്കം ഒമ്പത് പേര്‍ കൊല്ലപ്പെട്ടിരുന്നു.

അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ ചീഫ് പ്രോസിക്യൂട്ടര്‍ കരീം ഖാന്‍ റഷ്യയുടെ അധിനിവേശത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. യുക്രെയിനില്‍ യുദ്ധക്കുറ്റങ്ങളോ മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളോ നടന്നിട്ടുണ്ടെന്ന് വിശ്വസിക്കാന്‍ ന്യായമായ അടിസ്ഥാനം ഉണ്ടെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഖാര്‍കിവിലെ ഫ്രീഡം സ്‌ക്വയറിലെ സ്ഫോടനത്തിന്റെ വീഡിയോ യുക്രൈന്‍ വിദേശകാര്യ മന്ത്രി ട്വീറ്റ് ചെയ്യുകയും റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനെതിരെ യുദ്ധക്കുറ്റങ്ങള്‍ ആരോപിക്കുകയും ചെയ്തു. റഷ്യയെ ഒറ്റപ്പെടുത്താന്‍ അദ്ദേഹം ലോകത്തോട് ആഹ്വാനം ചെയ്തു.

 

Top