ഒ.വി. വിജയൻ എന്ന മലയാള സാഹിത്യകാരന്റെ മാസ്റ്റർപീസ് നോവലാണ് ഖസാക്കിന്റെ ഇതിഹാസം.
മലയാള നോവൽ സാഹിത്യചരിത്രത്തെ ഖസാക്ക് പൂർവ്വകാലഘട്ടമെന്നും ഖസാക്കാനന്തരകാലഘട്ടമെന്നും നെടുകേ പകുത്ത കൃതി എന്ന് ഈ നോവൽ വിശേഷിപ്പിക്കപ്പെടുന്നു.
ഒ.വി. വിജയന്റെ ആദ്യത്തെ നോവലായ ഖസാക്കിന്റെ ഇതിഹാസം അതിന്റെ ഭാഷാപരവും പ്രമേയപരവുമായ ഔന്നത്യം കൊണ്ട് മലയാളത്തിൽ ഇന്നേവരെ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ളതിൽ ഏറ്റവും ശ്രേഷ്ഠമായ കൃതിയായി പരിഗണിക്കപ്പെടുന്നു.
ഖസാക്കിന്റെ ഇതിഹാസം വെള്ളിത്തിരയിൽ എത്തുകയാണ്. മലയാളത്തിന്റെ നോവൽ സങ്കല്പങ്ങളെ മാറ്റിമറിച്ച ഇതിഹാസത്തിന് പ്രശസ്ത സംവിധായകൻ രഞ്ജിത്താണ് ദൃശ്യഭാഷ ഒരുക്കുന്നത്.
ചിത്രത്തിന്റെ തിരക്കഥാ രചന പൂർത്തിയായി. ഷൂട്ടിംഗ് അടുത്ത വർഷം ആരംഭിക്കാനാണ് തീരുമാനം.
ഖസാക്ക് എന്ന ഗ്രാമവും അവിടുത്തെ ഏകാദ്ധ്യാപക വിദ്യാലയത്തിൽ അദ്ധ്യാപകനായി എത്തുന്ന രവി എന്ന ചെറുപ്പക്കാരനും അയാൾ കണ്ടുമുട്ടുന്ന കഥാപാത്രങ്ങളും മിത്തുകളും അച്ഛന്റെ ഓർമകളും തുടങ്ങി ഖസാക്കിലെ കരിമ്പനക്കാടുകൾ വരെ എന്നും മലയാളി ജീവിതത്തിന്റെ ഭാഗമാണ്.
നോവലിലെ പ്രശസ്ത കഥാപാത്രങ്ങളായ രവിയും അപ്പുക്കിളിയും അള്ളാപ്പിച്ചമൊല്ലാക്കയും അടക്കം നോവലിലെ പ്രധാന കഥാപാത്രങ്ങളെ ആരൊക്കെ സ്‌ക്രീനിൽ അവതരിപ്പിക്കുമെന്ന കാര്യം വ്യക്തമല്ല.
ആട് ജീവിതത്തിനു പുറമെ മറ്റൊരു നോവലുകുടി വെള്ളിത്തിരയിൽ എത്തുമ്പോൾ മലയാള സാഹിത്യത്തിന് അഭിമാനിക്കാവുന്ന നിമിഷങ്ങളാണ് ഉണ്ടാകുന്നത്.